ഗൂഗിള്‍ മാപ്‌സിലും സെര്‍ച്ചിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരം ലഭിക്കും
1 min readകേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് ഗൂഗിള്‍ ഇന്ത്യ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്
ന്യൂഡെല്‍ഹി: ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയില്‍ കൊവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരം ലഭ്യമാക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ അറിയിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. വരും ആഴ്ച്ചകളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ അറിയിച്ചു.
മഹാമാരിയുടെ ഈ കാലത്ത് രാജ്യത്തെ ആരോഗ്യ ഏജന്‍സികളെ സഹായിക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റാപ്പിഡ് റിസ്‌ക് റെസ്‌പോണ്‍സ് ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. വാക്‌സിനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ആധികാരികവും സമയബന്ധിതവുമായ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഗൂഗിള്‍ ഇന്ത്യ ശ്രമിക്കുന്നത്.
ഇന്ത്യയില്‍ ആദ്യഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചയുടനെ, ഗൂഗിള്‍ സെര്‍ച്ചില്‍ നോളജ് പാനലുകള്‍ അവതരിപ്പിച്ചിരുന്നു. കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചതായിരുന്നു ഈ നോളജ് പാനലുകള്‍. രണ്ട് വാക്‌സിനുകളുടെയും വിശദാംശങ്ങള്‍, ഫലപ്രാപ്തി, സുരക്ഷിതത്വം, വിതരണം, പാര്‍ശ്വ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചതായിരുന്നു ഈ പാനലുകള്‍. ഇംഗ്ലീഷ് കൂടാതെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, മറാത്തി, ഗുജറാത്തി, ബംഗാളി, ഹിന്ദി എന്നീ എട്ട് ഇന്ത്യന്‍ ഭാഷകളിലും വിവരങ്ങള്‍ നല്‍കിയിരുന്നു. പൊതുവായി ചോദിക്കുന്ന ചോദ്യങ്ങള്‍, ഡിസ്‌പ്ലേകള്‍, തല്‍സമയ സ്റ്റാറ്റിസ്റ്റിക്‌സ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍ എന്നിവയെല്ലാമാണ് ഗൂഗിള്‍ ഇന്ത്യ ലഭ്യമാക്കിയത്.
കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്ക് അനുമതി ലഭിച്ച് ജനുവരി 16 ന് ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ 2.6 കോടി ഡോസ് കൊറോണ വാക്‌സിനാണ് വിതരണം ചെയ്തത്.