മൂന്ന് മോഡലുകളുമായി ഷവോമി മി 11 സീരീസ്
മി 11 അള്‍ട്രാ, മി 11 എക്‌സ്, മി 11 എക്‌സ് പ്രോ എന്നീ ഫോണുകളാണ് സീരീസില്‍ ഉള്‍പ്പെടുന്നത്
ഷവോമി മി 11 സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മി 11 അള്‍ട്രാ, മി 11 എക്‌സ്, മി 11 എക്‌സ് പ്രോ എന്നീ മൂന്ന് മോഡലുകളാണ് സീരീസില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ മി 11 അള്‍ട്രായുടെ വില്‍പ്പന ആദ്യം ആരംഭിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ സീരീസിലെ ടോപ് മോഡലാണ് മി 11 അള്‍ട്രാ. ഫെബ്രുവരിയില്‍ ചൈനയില്‍ അവതരിപ്പിച്ച റെഡ്മി കെ40, റെഡ്മി കെ40 പ്രോ പ്ലസ് ഫോണുകള്‍ റീബ്രാന്‍ഡ് ചെയ്തതാണ് മി 11 എക്‌സ്, മി 11 എക്‌സ് പ്രോ എന്നിവ. മൂന്ന് ഫോണുകളും ഷവോമിയുടെ ഫ്‌ളാഗ്ഷിപ്പ് ഉല്‍പ്പന്നങ്ങളാണ്. പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനം നല്‍കിയിരിക്കുന്നു.
12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്ന ഏക വേരിയന്റിലാണ് ഷവോമി മി 11 അള്‍ട്രാ ലഭിക്കുന്നത്. 69,990 രൂപയാണ് വില. കറുപ്പ്, വെളുപ്പ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഉടന്‍ വില്‍പ്പന ആരംഭിക്കും. രണ്ട് വേരിയന്റുകളില്‍ മി 11 എക്‌സ് ലഭിക്കും. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 31,999 രൂപയുമാണ് വില. മി 11 എക്‌സ് പ്രോ മോഡലും രണ്ട് വേരിയന്റുകൡ വിപണിയിലെത്തിച്ചു. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,990 രൂപയും 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയുമാണ് വില. സെലസ്റ്റിയല്‍ സില്‍വര്‍, കോസ്മിക് ബ്ലാക്ക്, ഫ്രോസ്റ്റി വൈറ്റ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ മി 11 എക്‌സ്, മി 11 എക്‌സ് പ്രോ ലഭിക്കും. മി 11 എക്‌സ്, മി 11 എക്‌സ് പ്രോ ഫോണുകളുടെ വില്‍പ്പന യഥാക്രമം ഏപ്രില്‍ 27 നും ഏപ്രില്‍ 24 നും ആരംഭിക്കും.
മി 11 അള്‍ട്രാ
ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ മിയുഐ 12 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ് മി 11 അള്‍ട്രാ പ്രവര്‍ത്തിക്കുന്നത്. 20:9 കാഴ്ച്ചാ അനുപാതം, 120 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 480 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക്, 515 പിപിഐ പിക്‌സല്‍ സാന്ദ്രത എന്നിവ സഹിതം 6.81 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി പ്ലസ് (1440, 3200 പിക്‌സല്‍) ഇ4 അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. 1,700 നിറ്റ് പരമാവധി തെളിച്ചം, 50,00,000:1 കോണ്‍ട്രാസ്റ്റ് അനുപാതം, 100 ശതമാനം ഡിസിഐ പി3 കളര്‍ ഗാമറ്റ് എന്നിവ സവിശേഷതകളാണ്. ഡിസ്‌പ്ലേയുടെ സുരക്ഷ നിര്‍വഹിക്കുന്നത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് ആണ്. പിറകില്‍ 1.1 ഇഞ്ച് വലുപ്പം, 126,294 പിക്‌സല്‍ റെസലൂഷന്‍ എന്നിവ സഹിതം രണ്ടാമതൊരു ഡിസ്‌പ്ലേ കൂടി നല്‍കിയിരിക്കുന്നു. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസിയാണ് കരുത്തേകുന്നത്. അഡ്രീനോ 660 ജിപിയു നല്‍കി. 12 ജിബി എല്‍പിഡിഡിആര്‍5 റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ലഭിച്ചു.
ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പിറകില്‍ ട്രിപ്പിള്‍ കാമറ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. ഒഐഎസ് സഹിതം എഫ്/1.95 ലെന്‍സോടുകൂടി 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ്/2.2 ലെന്‍സ്, 128 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ എന്നിവ സഹിതം 48 മെഗാപിക്‌സല്‍ സെന്‍സര്‍, ടെലിഫോട്ടോ ലെന്‍സ് സഹിതം 48 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. മുന്നില്‍ എഫ്/2.3 അപ്പര്‍ച്ചര്‍ സഹിതം 20 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ നല്‍കി. സ്‌ക്രീനിന്റെ മുകളില്‍ ഇടതുമൂലയിലെ ഹോള്‍ പഞ്ച് കട്ട്ഔട്ടിലാണ് സ്ഥാപിച്ചത്.