മഹാമാരിക്ക് ശേഷം ആദ്യ രാജ്യാന്തര മേളയില്‍ സജീവസാന്നിദ്ധ്യമായി കേരള ടൂറിസം
തിരുവനന്തപുരം: മഹാമാരിക്കാലത്തെ പുനരുജ്ജീവന സന്ദേശം ലോകത്തോട് വിളിച്ചോതി ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കേരള ടൂറിസം ശക്തമായ സാന്നിദ്ധ്യം അറിയിച്ചു. ത്രിദിന ടൂറിസം മേളയില്‍ ലോകശ്രദ്ധയാകര്‍ഷിച്ച് അയ്മനം ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് പുരസ്കാരവും ലഭിച്ചു.
ഏകദേശം രണ്ടുവര്‍ഷമായി സ്തംഭനാവസ്ഥയിലായിരുന്ന ആഗോള ടൂറിസം ആതിഥേയ മേഖലയില്‍ നിന്നും അതിജീവനത്തിന്‍റെ കരുത്ത് പ്രദര്‍ശിപ്പിച്ചാണ് നവംബര്‍ 3 വരെ നടന്ന പ്രശസ്ത ടൂറിസം മേളയില്‍ കേരള ടൂറിസം പങ്കെടുത്തത്. മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ഖ്യാതിനേടിയ പ്രചാരണമായ ഹ്യൂമന്‍ ബൈ നേച്ചറിനെ പ്രമേയമാക്കിയാണ് കേരള ടൂറിസം പവിലിയന്‍ സജ്ജമാക്കിയത്.
കോട്ടയത്തിനടുത്തുള്ള നദീതട ഗ്രാമമായ അയ്മനത്തിന് ആഗോള ശ്രദ്ധ നേടിക്കൊണ്ട് അവിടെ നടപ്പാക്കിയ മാതൃക റെസ്പോണ്‍സിബിള്‍ ടൂറിസം വില്ലേജ് പദ്ധതിക്ക് ഡബ്ല്യുടിഎമ്മില്‍ ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്കാരം സ്വന്തമാക്കാനായി. സുസ്ഥിരതയിലൂന്നിയ പരിസ്ഥിതി സംരക്ഷണ ദൗത്യങ്ങള്‍ക്ക് ലേക്സോംഗ് ബാക്ക് വാട്ടര്‍ റിസോര്‍ട്ടിന് ഡീകാര്‍ബണൈസിംഗ് ദ ട്രാവല്‍ ആന്‍ഡ് ടൂറിസം വിഭാഗത്തില്‍ സില്‍വര്‍ പുരസ്കാരവും ലഭിച്ചു.
സംസ്ഥാനത്തിന്‍റെ സുപ്രധാന വിപണിയായ യുകെയിലെ വ്യാപാരമേളയിലെ സാന്നിദ്ധ്യത്തിലൂടെ പ്രമുഖ പങ്കാളികളെ ആകര്‍ഷിക്കാനും ആത്മവിശ്വാസം പകരാനുമായതായി ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതീക്ഷ ഉണര്‍ത്തുന്ന വിധത്തിലുള്ള പ്രതികരണങ്ങള്‍ ലഭിച്ചു. ടൂറിസം വികസനത്തിന് സൂക്ഷ്മമായി പിന്തുടരുന്ന സുസ്ഥിര വികസന മാതൃകയിലൂടെ അയ്മനം ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് പുരസ്കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആഭ്യന്തര-രാജ്യാന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നിരവധി നൂതന പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ട് ടൂറിസം മേഖലയെ അതിവേഗം ശക്തിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് ടൂറിസം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. ടൂറിസം ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ബൃഹദ് വേദിയായിരുന്നു ഡബ്ല്യുടിഎം. മേഖലയുടെ പുനരുജ്ജീവനത്തില്‍ കേരളത്തിന്‍റെ ഡബ്ല്യുടിഎമ്മിലെ പങ്കാളിത്തം ഫലപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ മുന്‍നിര ടൂറിസം കേന്ദ്രമായി അവതരിപ്പിക്കുന്നതിനുള്ള അവസരമായിരുന്നു ഡബ്ല്യുടിഎമ്മെന്ന് പ്രതിനിധി സംഘത്തെ നയിച്ച ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ പറഞ്ഞു. സംസ്ഥാനത്തിന്‍റെ സുപ്രധാന മേഖലയാണ് ടൂറിസം. ടൂറിസം സാധ്യതകള്‍ വികസിപ്പിച്ച് ഇത്തരം മേളകളിലൂടെ വിദേശ വിനോദസഞ്ചാരികളിലേക്കെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, ദ്രവീഡിയന്‍ ട്രൈയല്‍സ് ഹോളീഡെയ്സ്, പൈനീര്‍ പേഴ്സണലൈസ്ഡ് ഹോളീഡെയ്സ്, സ്പൈസ് ലാന്‍ഡ് ഹോളീഡെയ്സ്, ദ ബ്ല്യൂ യോണ്ടര്‍, ഈസ്റ്റെന്‍ഡ് റിസോര്‍ട്ട്സ് ആന്‍ഡ് ഹോട്ടല്‍സ്, സിജിഎച്ച് എര്‍ത്ത് എക്സ്പീരിയന്‍സ് ഹോട്ടല്‍സ് എന്നീ ഏഴ് പങ്കാളികള്‍ ഉള്‍പ്പെട്ടതായിരുന്നു പ്രതിനിധി സംഘം. കൂടിക്കാഴ്ചകള്‍ക്കു പുറമേ പ്രമുഖ ചാനലുകളായ സിഎന്‍എന്‍, യൂറോ ന്യൂസ് , സ്കൈ ന്യൂസ് എന്നിവയുമായി അഭിമുഖങ്ങളും നടന്നു.
ഹ്യൂമന്‍ ബൈ നേച്ചര്‍ പ്രമേയമാക്കിയ പുസ്തകം റെസ്പോണ്‍സിബിള്‍ ടൂറിസം പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടറും ഡബ്ല്യുടിഎം റെസ്പോണ്‍സിബിള്‍ ടൂറിസം ഉപദേശകനുമായ പ്രൊഫ. ഹാരോള്‍ഡ് ഗുഡ് വിന്‍ പ്രകാശനം ചെയ്തു. കേരളത്തിലെ ജീവിത രീതിയെ ലേഖനങ്ങളിലൂടേയും ചിത്രങ്ങളിലൂടേയും യാത്രികരുടെ അനുഭവങ്ങളിലൂടെയും ഇതില്‍ അനാവരണം ചെയ്തിട്ടുണ്ട്.
വര്‍ഷങ്ങളായി കേരള ടൂറിസത്തിന്‍റെ വലിയ വിപണിയായ യുകെയില്‍ നിന്നും 2018 ല്‍ രണ്ടു ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. ആ വര്‍ഷം എത്തിയ ആകെ വിദേശ വിനോദസഞ്ചാരികളുടെ 18.36 ശതമാനമായിരുന്നു അത്.