‘കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ലോകാരോഗ്യ സംഘടനയുടെ മുന്‍ഗണന വിഷയമല്ല’
1 min readകുട്ടികള്‍ക്കും കൗമാര പ്രായക്കാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് പകരം സമ്പന്ന രാഷ്ട്രങ്ങള്‍ കോവിഡ്-19 വാക്‌സിനുകള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു
ആഗോളതലത്തിലെ കടുത്ത വാക്‌സിന്‍ ക്ഷാമം കണക്കിലെടുമ്പോള്‍ കുട്ടികള്‍ക്ക് കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ലഭ്യമാക്കുന്നത് ഉയര്‍ന്ന പരിഗണന അര്‍ഹിക്കുന്ന കാര്യമല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ വാക്‌സിന്‍ വിദഗ്ധര്‍. കുട്ടികളിലും കൗമാര പ്രായക്കാരിലും കോവിഡ്-19 വാക്‌സിനേഷന് അനുമതി നല്‍കുന്ന സമ്പന്ന രാഷ്ട്രങ്ങളുടെ എണ്ണം കൂടിക്കൂടി വരികയാണെങ്കിലും ലോകാരോഗ്യ സംഘടനയുടെ വീക്ഷണത്തില്‍ അത് മുന്‍ഗണനയുള്ള കാര്യമല്ലെന്ന് ഡോ. കെയ്റ്റ് ഒബ്രീന്‍ പറഞ്ഞു.
കുട്ടികളില്‍ കോവിഡ്-19 ഗുരുതരമാകാനും മരണപ്പെടാനുമുള്ള സാധ്യത കുറവായതിനാല്‍ രോഗത്തില്‍ നിന്നും അവരെ സംരക്ഷിക്കുക എന്നതിലുപരിയായി വൈറസ് വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പകര്‍ച്ചവ്യാധിക്കാലത്ത് അവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതെന്ന് കെയ്റ്റ് അഭിപ്രായപ്പെട്ടു. കാനഡ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ മേഖലകളെല്ലാം കഴിഞ്ഞിടെ 12നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ്-19 വാക്‌സിന്‍ നല്‍കുന്നതിന് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് പകരം സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് സംഭാവന നല്‍കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് മുമ്പ് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളിലേക്ക് അയക്കുന്നതിന് മുമ്പ് കുട്ടികളുമായി ഇടപെടുന്ന മുതിര്‍ന്നവര്‍ക്ക് വാക്‌സിന്‍ നല്‍തിയാല്‍ മതിയെന്നും കുട്ടികള്‍ക്ക് നല്‍കേണ്ടതില്ലെന്നും ഒബ്രീന്‍ പറഞ്ഞു.