‘സമയം അതിക്രമിക്കുന്നു’, ആണവ കരാര്‍ വീണ്ടെടുക്കുന്നതില്‍ ഇറാന് മുന്നറിയിപ്പുമായി അമേരിക്കയും ഫ്രാന്‍സും
കരാര്‍ വീണ്ടെടുക്കുന്നതിന് മുമ്പായി അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന ഇറാന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആണവ കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്
പാരീസ്: ആണവ കരാറിലേക്ക് മടങ്ങിവരുന്നതിനുള്ള സമയം അതിക്രമിച്ചുവെന്ന് ഇറാന് മുന്നറിയിപ്പുമായി അമേരിക്കയും ഫ്രാന്‍സും. വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കാതിരുന്നാല്‍ ഇറാന്‍ ആണവ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന ഭയമാണ് ഇരുരാജ്യങ്ങളുടെയും മുന്നറിയിപ്പുകളില്‍ നിഴലിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പാരീസ് സന്ദര്‍ശനത്തിലാണ് ഇറാനുമായുള്ള ആണവ കരാര്‍ വിഷയം ചര്‍ച്ചയായത്.
ഇറാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ വിയന്നയില്‍ വെച്ച് കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന ആണവ കരാര്‍ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നീക്കുപോക്ക് ഉണ്ടാകില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2015ലെ ആണവ കരാറില്‍ നിന്നും അമേരിക്കയുടെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നെങ്കിലും കരാറിലേക്ക് മടങ്ങിവരുമെന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. ഇറാനുമായി സാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ അമേരിക്കയ്ക്ക് ഉണ്ടെന്നും ആണവ കരാര്‍ മുന്നോട്ട് വെക്കുന്ന ഉപാധികളിലേക്കുള്ള തിരിച്ചുപോക്ക് ബുദ്ധിമുട്ടാകുന്ന ഒരു ഘട്ടമുണ്ടാകുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.
യുറേനിയം സമ്പുഷ്ടീകരണമടക്കം ആണവ പ്രവര്‍ത്തനങ്ങളുമായി ഇറാന്‍ മുന്നോട്ട് പോയാല്‍, അണുബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ ശേഷിയിലേക്ക് അവരെത്തുമെന്നും ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം കരാറിലേക്ക് മടങ്ങിവരുന്നതിനെ പ്രസിഡന്റ് ബൈഡന്‍ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2018ല്‍ ട്രംപ് കരാറില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ച് ഇറാനെതിരെ കടുത്ത ഉപരോധനങ്ങള്‍ പ്രഖ്യാപിക്കുന്നത് വരെ ഇറാന്‍ തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ കാര്യമായി വെട്ടിക്കുറച്ചിരുന്നു. ദേശീയ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് ആണവ കരാര്‍ വീണ്ടെടുത്ത് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ വീണ്ടും പെട്ടിയിലാക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തുന്നതെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും ബ്രിട്ടന്‍, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇറാനുമായുള്ള ആണവ കരാറില്‍ തുടര്‍ന്ന രാജ്യമാണ് ഫ്രാന്‍സ്. കരാര്‍ വീണ്ടെടുക്കുന്നതിനായി സഹകരിക്കണമെന്ന് ഫ്രാന്‍സ് ഇറാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഇറാനിയന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ചര്‍ച്ചകള്‍ക്ക് തീരുമാനമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്ലിങ്കനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഫ്രാന്‍സിലെ വിദേശകാര്യ മന്ത്രി ജീന്‍ യവ്‌സ് ലെ ദ്രിയാന്‍ പറഞ്ഞു. എന്നാല്‍ എതിര്‍വശത്തുള്ളവരാണ് തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് ഇറാനിലെ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതീബ്‌സദേഹ് പ്രതികരിച്ചു.
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പരിശോധന നടത്തുന്നതിനുള്ള കരാര്‍ പുതുക്കുന്ന വിഷയത്തില്‍ ഇറാനില്‍ നിന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണസമിതി (ഐഎഇഎ) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ ഇവിടങ്ങളിലേക്കുള്ള പ്രവേശനം ഇറാന്‍ പരിമിതപ്പെടുത്തിയിരുന്നെങ്കിലും
അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന ഇറാന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആണവ കരാര്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ്. കരാറില്‍ പറയുന്നത് പോലെ ആണവ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സാമ്പത്തിക നടപടികള്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ജോ ബൈഡന്‍ ഭരണകൂട്ടം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മനുഷ്യാവകാശം, അറബ് മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ അടക്കമുള്ള വിഷയങ്ങളി്ല്‍ ഉപരോധം തുടരുമെന്നും അമേരിക്ക ഇറാനെ അറിയിച്ചിട്ടുണ്ട്.