ടുലിപ് പുഷ്പോത്സവത്തിന് കശ്മീര്‍ ഒരുങ്ങി
1 min read
64 ലധികം ഇനങ്ങളില്‍ 15 ലക്ഷത്തിലധികം പുഷ്പങ്ങള്‍ ഈ പൂന്തോട്ടത്തിലുണ്ട്
പൂക്കളുടെ ഉത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ ജനങ്ങളോട് പ്രധാനമന്ത്രി
ശ്രീനഗര്‍: ടുലിപ് പൂക്കളുടെ ഉത്സവത്തിന് സാക്ഷ്യംവഹിക്കാന്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്നും ഇവിടുത്തെ ജനങ്ങളുടെ ഊഷ്മളമായ ആതിഥ്യം അനുഭവിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.
“നിങ്ങള്‍ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് മനോഹരമായ ടുലിപ് ഉത്സവത്തിന് സാക്ഷ്യം വഹിക്കുക. പൂക്കള്‍ക്കു പുറമേ ജമ്മു കശ്മീരിലെ ജനങ്ങളുടെ ആതിഥ്യമര്യാദയും നിങ്ങള്‍ അനുഭവിക്കുക”, മോദി ട്വീറ്റില്‍ പറഞ്ഞു. ശ്രീനഗറിലെ ടുലിപ് ഗാര്‍ഡന്‍ വ്യാഴാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കുന്നതിനോടനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
തണുപ്പുകാലത്ത് പ്രകൃതിയില്‍ വര്‍ണവസന്തമൊരുക്കുന്നവയാണ് ടുലിപ് പൂക്കള്‍. 109ലധികം വ്യത്യസ്ത തരങ്ങള്‍ ഇവയ്ക്കുണ്ടെന്ന് കരുതപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഹോളണ്ടുകാരുടെ പ്രിയ പുഷ്പമായിരുന്നു ടുലിപ്.
‘മാര്‍ച്ച് 25 ജമ്മു കശ്മീരിന് പ്രത്യേകതയുള്ള ദിവസമാണ്. സബര്‍വാന്‍ പര്‍വതനിരകളുടെ താഴ്വരയില്‍ മനോഹരമായ ഒരു ടുലിപ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. 64 ലധികം ഇനങ്ങളില്‍ 15 ലക്ഷത്തിലധികം പുഷ്പങ്ങള്‍ ഈ പൂന്തോട്ടത്തില്‍ കാണും’, പ്രധാനമന്ത്രി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാര്‍ഡനാണെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീനഗറിലെ ഇന്ദിരാഗാന്ധി സ്മാരക ടുലിപ് ഗാര്‍ഡന്‍ 30 ഹെക്ടറിലാണ് വ്യാപിച്ചു കിടക്കുന്നത്.
സബര്‍വാന്‍ പര്‍വതനിരയുടെ താഴ്വരയിലെ പൂന്തോട്ടത്തില്‍നിന്ന് ദാല്‍ തടാകവും കാണാം. ടുലിപ് പൂക്കള്‍ക്ക് പുറമേ, ഹയാസിന്ത്സ്, റാനുന്‍കുലസ്, ഡാഫോഡില്‍സ് തുടങ്ങി നിരവധി ഇനം പുഷ്പങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പ്രാദേശിക ഫ്ലോറി കള്‍ച്ചര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മു കശ്മീര്‍ ഗവണ്‍മെന്‍റിന്‍റെ ടൂറിസം പ്രമോഷന്‍ ശ്രമത്തിന്‍റെ ഭാഗമായി ഗാര്‍ഡനിലെ പൂക്കളുടെ ശ്രേണി പ്രദര്‍ശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വാര്‍ഷിക ആഘോഷമാണ് ടുലിപ് ഫെസ്റ്റിവല്‍.