ട്രൂകോളറിന്റെ ആകെ ഉപയോക്താക്കളില്‍ 73 ശതമാനത്തോളം ഇന്ത്യയില്‍
കൊവിഡ് കാലത്തും വരുമാനം വര്‍ധിപ്പിക്കുന്നതിനും ലാഭകരമാകുന്നതിനും ഇന്ത്യയിലെ വളര്‍ച്ചയാണ് സ്വീഡിഷ് കമ്പനിയെ സഹായിച്ചത്
ന്യൂഡെല്‍ഹി: കോളര്‍ ഐഡി ആപ്പായ ട്രൂകോളറിന് ഇന്ത്യയില്‍ മാത്രം 200 മില്യണ്‍ യൂസര്‍മാര്‍. സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അലന്‍ മാമെദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രൂകോളറിന്റെ ആകെ ഉപയോക്താക്കളില്‍ 73 ശതമാനത്തോളം ഇന്ത്യയിലാണ്. കൊവിഡ് കാലത്തും വരുമാനം വര്‍ധിപ്പിക്കുന്നതിനും ലാഭകരമാകുന്നതിനും ഇന്ത്യയിലെ വളര്‍ച്ചയാണ് കമ്പനിയെ സഹായിച്ചത്.
സ്വീഡിഷ് കമ്പനിക്ക് ഒക്‌റ്റോബറില്‍ ഇന്ത്യയില്‍ 185 മില്യണ്‍ പ്രതിമാസ സജീവ യൂസര്‍മാരാണ് ഉണ്ടായിരുന്നത്. വര്‍ഷാവസാനത്തോടെ ഇത് 195 മില്യണായി വളര്‍ച്ച നേടി. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 25 ശതമാനം വളര്‍ച്ച നേടിയതായി അലന്‍ പറഞ്ഞു. 2018 ല്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ 40 ശതമാനത്തോളമായിരുന്നു ട്രൂകോളറിന്റെ വിപണി വിഹിതം. 2019 ല്‍ ഏകദേശം 45 ശതമാനമായും 2020 ല്‍ 50 ശതമാനമായും വളര്‍ച്ച നേടി.
ഇന്ത്യയില്‍ കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കപ്പെടുന്നതാണ് ട്രൂകോളറിന്റെ വളര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. 2020 അവസാനത്തോടെ ട്രൂകോളറിന് ആഗോളതലത്തില്‍ 267 മില്യണ്‍ സജീവ യൂസര്‍മാരാണ് ഉള്ളത്. 25 ശതമാനത്തിന്റെ വര്‍ധന. സ്പാം കോളുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതുകൂടാതെ മെസേജിംഗ്, പെയ്‌മെന്റ് ഫീച്ചറുകളും ട്രൂകോളറില്‍ ലഭ്യമാണ്.