Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടാറ്റ പവർ ഒന്നാം പാദ ലാഭം 1,401 കോടി രൂപ

1 min read

മുംബൈ: സംയോജിത ഊർജ്ജ കമ്പനികളിലൊന്നായ ടാറ്റ പവർ, 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭം 11 ശതമാനം വർദ്ധിച്ച് 1,401 കോടി രൂപയായി. മൊത്ത വരുമാനം 8 ശതമാനം ഉയർന്ന് 18,898 കോടി രൂപയിലെത്തിയപ്പോൾ, എബിറ്റ്ഡ 8 ശതമാനം വർദ്ധനവോടെ 4,249 കോടി രൂപയായി. ഒരു സാമ്പത്തിക പാദത്തിലെ ഏറ്റവും ഉയർന്ന മൂലധനച്ചെലവായ 5,375 കോടി രൂപ ഈ പാദത്തിൽ വിനിയോഗിച്ചുവെന്നതും കമ്പനിയുടെ മികച്ച പ്രകടനത്തിന്‍റെ സൂചനയാണ്. മികച്ച പ്രവർത്തനക്ഷമതയിലൂടെ ഉത്‌പാദനം, ട്രാൻസ്‌മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ, പുനരുപയോഗ ഊർജ്ജം എന്നീ അടിസ്ഥാന മേഖലകളിൽ കമ്പനി ശക്തമായ വളർച്ചയാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയത്. പുനരുപയോഗ ഊർജ്ജ വിഭാഗത്തിൽ നിന്നുള്ള ലാഭം 15 ശതമാനം വർദ്ധിച്ച് 612 കോടി രൂപയായപ്പോൾ, സോളാർ സെൽ-മൊഡ്യൂൾ നിർമ്മാണ മേഖല 3.9 മടങ്ങ് വളർച്ചയോടെ 371 കോടി രൂപ ലാഭം നേടി. രാജ്യവ്യാപകമായി പദ്ധതികൾ നടപ്പിലാക്കിയതോടെ റൂഫ്‌ടോപ്പ് സോളാർ വിഭാഗത്തിൽ നിന്നുള്ള ലാഭം 1.7 മടങ്ങ് വർദ്ധനവോടെ 145 കോടി രൂപയിലെത്തി. ട്രാൻസ്‌മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബിസിനസ് 492 കോടി രൂപയുടെ ലാഭം കൈവരിച്ചു. സോളാർ ഉത്‌പാദന മേഖലയിൽ ടാറ്റ പവർ റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയത്. 1,001 മെഗാവാട്ട് സോളാർ മൊഡ്യൂളുകളും 862 മെഗാവാട്ട് സെല്ലുകളും നിർമ്മിച്ച് ഈ വിഭാഗത്തിൽ നിന്ന് കമ്പനി 2,462 കോടി രൂപയുടെ വരുമാനം നേടി. കൂടാതെ 10 ഗിഗാവാട്ട് ശേഷിയുള്ള പുതിയ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഇന്ത്യയിലെ റൂഫ്‌ടോപ്പ് സോളാർ വിപ്ലവത്തിന് നേതൃത്വം നൽകുന്ന കമ്പനി, ഈ പാദത്തിൽ 371 മെഗാവാട്ട് ശേഷി അധികമായി സ്ഥാപിച്ച് 1,350 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഇന്ത്യയുടെ ഊർജ്ജ മേഖല അതിന്‍റെ പരിവർത്തനത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, തടസമില്ലാത്തതും വിശ്വസനീയവുമായ ശുദ്ധമായ ഊർജ്ജം ലഭ്യമാക്കുന്നതിനാണ് ഇപ്പോൾ രാജ്യം മുൻഗണന നൽകുന്നതെന്നും ടാറ്റ പവർ സി.ഇ.ഒ-യും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. പ്രവീർ സിൻഹ പറഞ്ഞു. സോളാർ, കാറ്റ്, ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ എന്നിവയുടെ സംയോജിത വിതരണത്തിലൂടെ ഈ മാറ്റത്തിന് മുന്നിൽ നിൽക്കാൻ ടാറ്റ പവറിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാം പാദത്തിൽ തന്നെ അയ്യായിരം കോടി രൂപയിലധികം മൂലധനച്ചെലവിനായി വിനിയോഗിച്ചുകൊണ്ട് മികച്ച പദ്ധതി നിർവ്വഹണത്തോടെയാണ് പുതിയ സാമ്പത്തിക വർഷത്തിന് കമ്പനി തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വ്യവസായ നിക്ഷേപ നയങ്ങള്‍ക്ക് കൃത്യമായ തുടര്‍ച്ചയുണ്ടാകും: മന്ത്രി
Maintained By : Studio3