1 എംജി-യുടെ ഭൂരിപക്ഷ ഓഹരികള്‍ ടാറ്റാ ഡിജിറ്റല്‍ ഏറ്റെടുക്കും
1 min readമുംബൈ: ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഡിജിറ്റല്‍ ലിമിറ്റഡ്, ഡിജിറ്റല്‍ ഹെല്‍ത്ത് കമ്പനിയായ 1 എംജി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (1 എംജി) ഭൂരിപക്ഷം ഓഹരികള്‍ ഏറ്റെടുക്കും. 2015 ല്‍ സ്ഥാപിതമായ 1 എംജി ഇ-ഹെല്‍ത്ത് മേഖലയിലെ ഒരു മുന്‍നിര കമ്പനിയാണ്. മരുന്നുകള്‍, ആരോഗ്യം, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍, ഡയഗ്നോസ്റ്റിക്സ് സേവനങ്ങള്‍, ടെലി-കണ്‍സള്‍ട്ടേഷന്‍ എന്നിവ പോലുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളിലേക്ക് എളുപ്പത്തിലും ചെലവുകുറഞ്ഞതുമായ പ്രവേശനം ഈ പ്ലാറ്റ്ഫോം പ്രാപ്തമാക്കുന്നു.
1 എംജിയിലെ നിക്ഷേപം ഒരു ഡിജിറ്റല്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കുകയെന്ന ടാറ്റ ഗ്രൂപ്പിന്‍റെ കാഴ്ചപ്പാടിന് അനുസൃതമാണ്. മാത്രമല്ല ഇത് അതിവേഗം വളരുന്ന മേഖലയാണ്. കോവിഡ് 19 ആരോഗ്യ പരിരക്ഷ സംബന്ധിച്ച അവബോധം വളരെയധികം ഉയര്‍ത്തിയിട്ടുണ്ടെന്നും ഇരു കമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
1 എംജി മൂന്ന് അത്യാധുനിക ഡയഗ്നോസ്റ്റിക്സ് ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. രാജ്യത്തുടനീളം 20,000-ത്തിലധികം പിന്‍ കോഡുകളിലേക്ക് എത്തുന്ന ഒരു വിതരണ ശൃംഖലയുണ്ട്. കൂടാതെ അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളിലൂടെ ബി 2 ബി രീതിയില്‍ മരുന്നുകളുടെയും മറ്റ് ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെയും വിതരണത്തിലും കമ്പനി ഏര്‍പ്പെടുന്നു.