November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അനുഭവേദ്യ വിനോദ സഞ്ചാരത്തിന് ‘സ്ട്രീറ്റ്’ പദ്ധതി

1 min read

തിരുവനന്തപുരം: പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കി ടൂറിസത്തിന്‍റെ വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാന്‍ പറ്റുന്ന ‘സ്ട്രീറ്റ്’ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് ഒരുങ്ങുന്നു. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുന്നത്.

കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ ത്യത്താല, പട്ടിത്തറ, കണ്ണൂര്‍ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത്, മാഞ്ചിറ, കാസര്‍കോട് ജില്ലയിലെ വലിയ പറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പില്‍ വരുന്നത്.

ഓരോ പ്രദേശത്തിന്റേയും സാധ്യത കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് പദ്ധതി. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, എത്‌നിക് ക്യുസീന്‍ / ഫുഡ് സ്ട്രീറ്റ് , വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് / എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്,ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകള്‍ നിലവില്‍ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കും. പൂര്‍ണ്ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശ വാസികള്‍ക്കും ടൂറിസം മേഖലയില്‍ മുഖ്യ പങ്ക് വഹിക്കാനാവും വിധമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭ ഡബ്ല്യൂടിഒ യുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപം നല്‍കിയത്. സസ്‌റ്റൈനബിള്‍ ( സുസ്ഥിരം), ടാഞ്ചിബിള്‍ (കണ്ടറിയാവുന്ന ), റെസ്‌പോണ്‍സിബിള്‍ (ഉത്തരവാദിത്തമുള്ള ), എക്‌സ്പീരിയന്‍ഷ്യല്‍ (അനുഭവവേദ്യമായ), എത്‌നിക്ക് ( പാരമ്പര്യ തനിമയുള്ള) ടൂറിസം ഹബ്‌സ് (വിനോദ സഞ്ചാര കേന്ദ്രങ്ങള്‍) എന്നതിന്‍റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.

പദ്ധതി കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും കുതിച്ച് ചാട്ടത്തിനും വഴിയൊരുക്കുമെന്ന് സംസ്ഥാന വിനോദ സഞ്ചാര-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നാടിന്‍റെ തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം വികസനം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്താനും ഈ പദ്ധതി ഉപകരിക്കും. പുതിയ ടൂറിസം സംസ്‌ക്കാരത്തിലേക്ക് നാടിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള, അറിയപ്പെടാത്ത പ്രാദേശിക കേന്ദ്രങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന് ടൂറിസം വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. വികേന്ദ്രീകൃത വികസനത്തിന് പുതിയ മാതൃകയാകാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ടൂറിസം ഉത്പങ്ങള്‍ അവതരിപ്പിക്കുന്ന കേരള ടൂറിസത്തിന് ഏറെ സാധ്യതയാണ് സ്ട്രീറ്റ് പദ്ധതിയിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ വി ആര്‍ കൃഷ്ണതേജ പറഞ്ഞു. ഈ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനും പദ്ധതി ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരമേഖലയെ ജനകീയവത്ക്കരിക്കുന്നതിനും അനുഭവവേദ്യ ടൂറിസത്തിന്‍റെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കുന്നതിനും സ്ട്രീറ്റ് പദ്ധതിക്കാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോഓര്‍ഡിനേറ്റര്‍ ശ്രീ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

മൂന്ന് വിഭാഗത്തില്‍പ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രൂപപ്പെടുത്തുന്നത്.
നാളിതുവരെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതും എന്നാല്‍ ഭാവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാവുന്നതുമായ (അജ്ഞാത) ടൂറിസം കേന്ദ്രങ്ങള്‍.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യമുള്ളതും എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവങ്ങള്‍ സമ്മാനിക്കാനുതകുന്നതും ലെംഗ്ത് ഓഫ് സ്റ്റേ (താമസ ദൈര്‍ഘ്യം) വര്‍ധിപ്പിക്കാനുതകുന്നതുമായ പ്രദേശങ്ങള്‍. നിലവില്‍ ചെറിയതോതില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റാന്‍ കഴിയുന്നതുമായ പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിവ്.

നാല് വര്‍ഷമാണ് പദ്ധതി നിര്‍വഹണത്തിനായി തീരുമാനിച്ചിട്ടുള്ള കാലാവധി. പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെടുത്താനുതകുന്ന 1000 തദ്ദേശീയ യൂണിറ്റുകള്‍ രൂപീകരിക്കാനും ലക്ഷ്യമിടുന്നു. ഇവയില്‍ വനിതാ സംരംഭങ്ങള്‍ക്കും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍, കാര്‍ഷിക വിനോദ സഞ്ചാരം എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

Maintained By : Studio3