‘സീ ഡീട്ടെയ്ല്‍സ്’ യൂട്യൂബ് ‘ചെക്ക്‌സ്’ ടൂള്‍ അവതരിപ്പിച്ചു
പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വീഡിയോകള്‍ ഓട്ടോമാറ്റിക്കായി പരിശോധിക്കുന്നതാണ് പുതിയ ടൂള്‍
ന്യൂഡെല്‍ഹി: വീഡിയോകള്‍ എളുപ്പത്തില്‍ അപ്‌ലോഡ് ചെയ്യാനും പണം സമ്പാദിക്കാനും സഹായിക്കുന്നതിന് ഗൂഗിള്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് പുതിയ ടൂള്‍ അവതരിപ്പിച്ചു. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വീഡിയോകള്‍ ഓട്ടോമാറ്റിക്കായി പരിശോധിക്കുന്നതാണ് പുതിയ ടൂള്‍. പകര്‍പ്പവകാശം സംബന്ധിച്ച അവകാശവാദങ്ങള്‍ക്ക് സാധ്യതയുണ്ടോ, ആഡ് സ്യൂട്ടബിലിറ്റി നിയന്ത്രണങ്ങളുണ്ടോ എന്നിവയെല്ലാം പരിശോധിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് തരും.
ചെക്ക്‌സ് എന്നാണ് പുതിയ ടൂളിന് നല്‍കിയിരിക്കുന്ന പേര്. ഡെസ്‌ക്‌ടോപ്പ് ‘സ്റ്റുഡിയോ’യിലെ അപ്‌ലോഡ് പ്രക്രിയയില്‍ ചെക്ക്‌സ് ഉണ്ടായിരിക്കും. ഇതോടെ പകര്‍പ്പവകാശവാദം അല്ലെങ്കില്‍ യെല്ലോ ഐക്കണ്‍ ഉണ്ടായേക്കാവുന്ന വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ എണ്ണം കുറയ്ക്കാന്‍ കഴിയും. ചെക്ക്‌സ് ഉപയോഗിക്കുന്നതിലൂടെ വീഡിയോകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ആശങ്കകള്‍ ഒഴിവാക്കാമെന്ന് യൂട്യൂബ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതുവരെ പകര്‍പ്പവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ ഓരോരുത്തര്‍ക്കും തങ്ങളുടെ വീഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാമായിരുന്നു.
പകര്‍പ്പവകാശ പരിശോധനകള്‍ സാധാരണഗതിയില്‍ മൂന്ന് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് യൂട്യൂബ് അറിയിച്ചു. അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ പണമാക്കി മാറ്റുന്നതിനുള്ള പരിശോധനകള്‍ക്ക് രണ്ട് മിനിറ്റോളം അധികം സമയം എടുക്കും. പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് സ്‌ക്രീനില്‍ തെളിയുമെന്ന് യൂട്യൂബ് വ്യക്തമാക്കി. അണ്‍ലിസ്റ്റഡ് അല്ലെങ്കില്‍ പ്രൈവറ്റ് എന്ന നിലയില്‍ ഇനി വീഡിയോകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല.
പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും വീഡിയോ പ്രസിദ്ധീകരിക്കാന്‍ കഴിയും. എന്നാല്‍ എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ വീഡിയോയുടെ വിസിബിലിറ്റി, മോണിറ്റൈസേഷന്‍ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് യൂട്യൂബ് ഓര്‍മിപ്പിച്ചു. പകര്‍പ്പവകാശ ലംഘനം കണ്ടെത്തിയാല്‍, ‘സീ ഡീട്ടെയ്ല്‍സ്’ ക്ലിക്ക് ചെയ്താല്‍ എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്ന് അറിയാന്‍ കഴിയും. വീഡിയോ സംബന്ധിച്ച ആഡ് സ്യൂട്ടബിലിറ്റി പ്രശ്‌നം കണ്ടെത്തിയാല്‍, ‘റിക്വസ്റ്റ് റിവ്യൂ’ ഓപ്ഷന്‍ കാണാന്‍ കഴിയും. വീഡിയോ പ്രസിദ്ധീകരിച്ചശേഷം മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ചെക്ക്‌സ് ടൂളിനെ പഴിചാരാന്‍ കഴിയില്ലെന്ന് യൂട്യൂബ് മുന്നറിയിപ്പ് നല്‍കി.