പകര്‍ച്ചവ്യാധിക്കാലത്ത് ഇന്ത്യയില്‍ രണ്ടിലൊരാള്‍ വീതം മൊബീല്‍ ഗെയിമിംഗ് ആരംഭിച്ചു
1 min readഇന്‍മൊബി എന്ന ടെക് കമ്പനി കോവിഡ്-19യുടെ ദീര്‍ഘകാല പ്രത്യാഘാതമെന്നോണമാണ് ഇന്ത്യക്കാരുടെ മൊബീല്‍ ഗെയിം ഭ്രമത്തെ അവതരിപ്പിച്ചിരിക്കുന്നത്
പകര്‍ച്ചവ്യാധിക്കാലത്ത് വിരസത അകറ്റാന്‍ ഇന്ത്യയില്‍ രണ്ടില്‍ ഒരാളെന്ന കണക്കില്‍ മൊബീല്‍ ഗെയിമുകളിലേക്ക് തിരിഞ്ഞതായി സര്‍വ്വേ റിപ്പോര്‍ട്ട്. മറ്റെവിടേക്കും പോകാന്‍ കഴിയാത്ത സാഹചര്യവും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ മടുപ്പുമാണ് ഗെയിമുകളില്‍ ആശ്വാസം കണ്ടെത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
കോവിഡ്-19യുടെ ദീര്‍ഘകാല പ്രത്യാഘാതമെന്നോണമാണ് ഇന്ത്യക്കാര്‍ ദിവസത്തില്‍ കൂടുതല്‍ സമയവും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിരവധി ഗെയിമുകള്‍ കളിക്കാന്‍ ആരംഭിച്ചുവെന്ന കണ്ടെത്തല്‍ സര്‍വ്വേ സംഘാടകര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജനറേഷന്‍ എക്‌സ് എന്ന് വിളിക്കുന്ന 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കുടുബാംഗങ്ങളുമായും സുഹൃത്തുക്കളം ഒരേ ചിന്താഗതിയുള്ള ആള്‍ക്കാരുമായും ഒത്തുചേരുന്നതിനുള്ള വേദിയായാണ് മള്‍ട്ടിപ്ലയര്‍ ഗെയിമുകളെ (ഒന്നിലധികം പേര്‍ ചേര്‍ന്ന് കളിക്കുന്നവ) കാണുന്നതെന്ന് ഇന്‍മൊബിയുടെ 2021ലെ ഗെയിമിംഗ് റിപ്പോര്‍ട്ട് ഇന്ത്യയില്‍ പറയുന്നു. മൊബീല്‍ പരസ്യങ്ങളിലും മൊബീല്‍ മാര്‍ക്കറ്റിംഗുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ടെക്‌നോളജി സ്ഥാപനമാണ് ഇന്‍മൊബി.
ഇന്ത്യയില്‍ മൊബീല്‍ ഗെയിം കളിക്കുന്നവരില്‍ 43 ശതമാനം സ്ത്രീകളാണ്. ഇതില്‍ത്തന്നെ12 ശതമാനം പേര്‍ 25നും 44നും ഇടയില്‍ പ്രായമുള്ളവരും 28 ശതമാനം പേര്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരും ആണ്. 40 ശതമാനം ഇന്ത്യക്കാരുടെയും സ്മാര്‍ട്ട്‌ഫോണുകളില്‍ മൂന്നിലധികം ഗെയിമുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഗെയിം ഉപയോക്താക്കളുടെ എണ്ണത്തില്‍ ഏതാണ്ട് 1.5 ഇരട്ടി വളര്‍ച്ചയുണ്ടാകുന്ന പുതിയൊരു പ്രവണത സമൂഹത്തില്‍ രൂപപ്പെട്ട് വരുന്നതായി ഇന്‍മൊബിയുടെ ഏഷ്യ പസഫിക് മാനേജിംഗ് ഡയറക്ടര്‍ വസുധ അഗര്‍വാള്‍ പറഞ്ഞു. എണ്‍പത് ശതമാനം മൊബീല്‍ ഗെയിം ഉപയോക്താക്കളും ദിവസവും ഗെയിം കളിക്കുന്ന സ്വഭാവക്കാരായതിനാല്‍ അന്യോന്യം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഉപഭോക്തൃ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായി മൊബീല്‍ ഗെയിമുകള്‍ മാറിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
45 ശതമാനത്തോളം ഇന്ത്യക്കാരും പകര്‍ച്ചവ്യാധിക്കാലത്താണ് മൊബീല്‍ ഗെയിമുകള്‍ കളിക്കാന്‍ ആരംഭിച്ചതെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്. മൊബീല്‍ ആപ്പുകളിലെ വീഡിയോ പരസ്യങ്ങള്‍ ജനകീയമാണെന്നും വീഡിയോ പരസ്യങ്ങള്‍ പൂര്‍ണമായും കാണുന്നവരുടെ എണ്ണം 31 ശതമാനത്തിന് മുകളിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. മറ്റ് ആപ്പുകളിലെ പരസ്യങ്ങളെ അപേക്ഷിച്ച് ഗെയിമുകള്‍ക്കൊപ്പമെത്തുന്ന പരസ്യങ്ങളോട് ഇന്ത്യക്കാര്‍ 2.6 തവണ കൂടുതലായി പ്രതികരിക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
ദിവസത്തില്‍ പലതവണയായി കുറച്ച് നേരം വീതമാണ് ഇന്ത്യക്കാര്‍ മൊബീല്‍ ഗെയിമുകളില്‍ സമയം ചിലവഴിക്കുന്നത്. സര്‍വ്വേയില്‍ പ്രതികരിച്ച 40 ശതമാനം ഇന്ത്യക്കാരും ഓഫീസ് ജോലിക്കോ വീട്ടുജോലിക്കോ ഭക്ഷണത്തിനോ ഇടയില്‍ പത്ത് മിനിട്ട് നേരം ഗെയിം കളിക്കുമെന്നാണ് പ്രതികരിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമായി, ഗെയിമുകള്‍ക്ക് അടിമപ്പെട്ടവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ നേരം ഗെയിം കളിക്കുന്നു. ഒറ്റത്തവണ ഒരു മണിക്കൂര്‍ വരെ ഗെയിം കളിക്കാറുണ്ടെന്ന് ആ വിഭാഗത്തിലുള്ള 84 ശതമാനം പേരും വ്യക്തമാക്കി. സര്‍വ്വേയില്‍ പ്രതികരിച്ച പകുതിയിലധികം ആളുകളും ആഴ്ചയില്‍ ഒരു പുതിയ ഗെയിം വീതം ഡൗണ്‍ലോഡ് ചെയ്യുമെന്ന് അറിയിച്ചു.
മൊത്തത്തിലുള്ള ഗെയിം കളിക്കാര്‍ക്കിടയില്‍ ചീട്ട്, പസ്സില്‍, ബോര്‍ഡ് തുടങ്ങിയ കളികളാണ് കൂടുതല്‍ പ്രചാരത്തിലെങ്കിലും ഗെയിമുകളില്‍ കൂടുതല്‍ ആവേശം കാണിക്കുന്നവരും ന്യൂ ജനറേഷനും എംഒബിഎ (മള്‍ട്ടിപ്ലയര്‍ ഓണ്‍ലൈന്‍ ബാറ്റില്‍ അരീന), സിമുലേഷന്‍, ആക്ഷന്‍ ഗെയിമുകളിലാണ് കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.