സൗദി അറേബ്യയിലെ ലിസ്റ്റഡ് കമ്പനികളുടെ കടബാധ്യതയില്‍ 50 ശതമാനത്തോളം വര്‍ധന
സൗദി കമ്പനികളുടെ കടബാധ്യതയും ആസ്തിയും തമ്മിലുള്ള അനുപാതം 2020ല്‍ 20.1 ശതമാനത്തിലെത്തി
റിയാദ്: അറേബ്യയിലെ തദവുള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ ഒഴികെയുള്ള കമ്പനികളുടെ കടബാധ്യത കഴിഞ്ഞ വര്‍ഷം 45 ശതമാനം വര്‍ധിച്ചു. പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനും കുറഞ്ഞ പലിശ നിരക്ക് നേട്ടമാക്കുന്നതിനും വന്‍തോതില്‍ കടമെടുത്തതാണ് കടബാധ്യത കൂടാനുള്ള കാരണം.
കഴിഞ്ഞ വര്‍ഷം നാലാംപാദത്തിന്റെ അവസാനത്തില്‍ സൗദി കമ്പനികളിലെ ആകെ കട ബാധ്യത 1.3 ട്രില്യണ്‍ സൗദി റിയാലിലെത്തി (46 ബില്യണ്‍ ഡോളര്‍). 2019ലെ സമാന കാലയളവില്‍ ഇത് 899.2 ബില്യണ്‍ റിയാല്‍ ആയിരുന്നുവെന്ന് തദവുളില്‍ നിന്നും സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിട്ടിയില്‍ നിന്നുമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി എല്‍ ഇക്വിസാദിയ റിപ്പോര്‍ട്ട് ചെയ്തു. പദാടിസ്ഥാനത്തില്‍, സൗദിയിലെ ലിസ്റ്റഡ് കമ്പനികളുടെ കടബാധ്യതയില്‍ 8.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കമ്പനികളിലെ കടബാധ്യതയും ആസ്തിയും തമ്മിലുള്ള അനുപാതം 2019 അവസാനത്തിലെ 15.8ല്‍ നിന്നും 21.4 ശതമാനത്തിലെത്തി. പലിശ നിരക്കുകള്‍ കുറഞ്ഞ നിലയില്‍ നിലനിര്‍ത്തിയതിനാല്‍ കഴിഞ്ഞ മാസങ്ങളില്‍ സൗദി കമ്പനികള്‍ കടപ്പത്ര വില്‍പ്പന ആരംഭിച്ചിരുന്നു. ആറ് ബില്യണ്‍ ഡോളറിന്റെ സുഖൂഖ് വില്‍പ്പന പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം സൗദി അരാംകോ വ്യക്തമാക്കി. 2019ന് ശേഷം 26 ബില്യണ്‍ ഡോളറിന്റെ കടപ്പത്രമാണ് സൗദി അരാംകോ പുറത്തിറക്കിയിട്ടുള്ളത്.