കോവിഡ് 19 : ഇന്ത്യക്ക് 5 മില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്ത് സാംസംഗ്
1 min readന്യൂഡെല്‍ഹി: ആഗോളതലത്തിലെ ടെക്നോളജി വമ്പനായ സാംസംഗ് കൊവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 5 മില്യന്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തു. ഇതിനു പുറമേ രാജ്യത്തെ സര്‍ക്കാരുകള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ വിമാനമാര്‍ഗ്ഗം എത്തിക്കുന്നതില്‍ കമ്പനി പങ്കുവഹിക്കും.
100 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, 3000 ഓക്സിജന്‍ സിലിണ്ടറുകള്‍ കൂടാതെ വാക്സീന്‍ പാഴാകല്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മില്യന്‍ നൂതന എല്‍ഡിഎസ് സിറിഞ്ചുകള്‍ എന്നിവയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് വിമാനമാര്‍ഗ്ഗം സാംസംഗ് ഇന്ത്യയില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ തങ്ങളുടെ 50,000 ലധികം വരുന്ന ജീവനക്കാരുടെയും ഗുണഭോക്താക്കളുടെയും കൊവിഡ്-19 വാക്സിനേഷന്‍ ചെലവും കമ്പനി വഹിക്കുന്നതാണ്. രാജ്യവ്യാപകമായി വിവിധ ഇലക്ട്രോണിക്സ് സ്റ്റോറുകളില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗ് എക്സ്പീരിയന്‍സ് കണ്‍സള്‍ട്ടന്‍റുകളും ഇതില്‍ ഉള്‍പ്പെടുന്നു.
തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടുന്നതിന് ഇന്ത്യയില്‍ 5 മില്യന്‍ യുഎസ് ഡോളര്‍ (37 കോടി ഇന്ത്യന്‍ രൂപ) മൊത്തം സംഭാവന ചെയ്യും. ഇതില്‍ 3 മില്യണ് ഡോളര്‍ കേന്ദ്ര സര്‍ക്കാരിനാണ് നല്‍കുക. രോഗവ്യാപനം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ള ഉത്തര്‍പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് 1 മില്യണ്‍ ഡോളര്‍ വീതം നല്‍കും.