ബെസോസിന് മുമ്പേ ബ്രാന്‍സണ്‍ പറക്കും ബഹിരാകാശത്തേക്ക്…
- റിച്ചാര്‍ഡ് ബ്രാന്‍സന്‍റെ സ്പേസ് ട്രിപ്പ് ജൂലൈ 11ന്
- സ്പേസ് യാത്രയുടെ വാണിജ്യവല്‍ക്കരണത്തില്‍ പുതുഅധ്യായം
- യാത്ര വിര്‍ജിന്‍റെ വിഎസ്എസ് യൂണിറ്റി സ്പേസ് പ്ലെയിനില്‍
ന്യൂയോര്‍ക്ക്: ബഹിരാകാശ സ്വപ്ന സഞ്ചാരിയും ശതകോടീശ്വര സംരംഭകനുമായ ജെഫ് ബെസോസിനെ കടത്തിവെട്ടാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. ആമസോണ്‍ സ്ഥാപകനായ ബെസോസ് ബഹിരാകാശത്തേക്ക് പറക്കും മുമ്പ് വിര്‍ജിന്‍ ഗ്രൂപ്പ് അധിപനായ ബ്രാന്‍സണ്‍ സ്പേസിലേക്ക് കുതിക്കും.
വിര്‍ജിന്‍ ഗാലക്റ്റിക് ഹോള്‍ഡിംഗ്സിന്‍റെ ആദ്യ യാത്ര ജൂലൈ 11നാണെന്ന് ബ്രാന്‍സണ്‍ പ്രഖ്യാപിച്ചു. വിഎസ്എസ് യൂണിറ്റി സ്പേസ് പ്ലെയിനിലെ യാത്ര വിജയകരമായാല്‍ സ്പേസ് ട്രാവല്‍ വാണിജ്യവല്‍ക്കരണത്തിലെ നാഴികക്കല്ലായി അത് മാറും.
ഭൗമാന്തരീക്ഷത്തിനപ്പുറം ബെസോസിനേക്കാള്‍ മുമ്പ് സഞ്ചരിക്കുന്ന ശതകോടീശ്വര സംരംഭകനെന്ന ഖ്യാതി ബ്രാന്‍സണ് സ്വന്തമാകുകയും ചെയ്യും. ബെസോസിന്‍റെ സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിന്‍ സമാനമായ വമ്പന്‍ പദ്ധതികളാണ് നടപ്പാക്കുന്നത്.
തന്‍റെ സഹോദരന്‍ മാര്‍ക്കുമൊത്ത് ജൂലൈ 20നാണ് ബെസോസ് സ്പേസിലേക്ക് കുതിക്കാനിരിക്കുന്നത്. ബെസോസിന്‍റെ തിയതി നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ബ്രാന്‍സണ്‍ തന്‍റെ മാസ്റ്റര്‍ സ്ട്രോക്കിലൂടെ ബെസോസിനെ കവച്ചുവെക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. 2030 ആകുമ്പോഴേക്കും മൂന്ന് ബില്യണ്‍ ഡോളറിന്‍റെ വാര്‍ഷിക വിപണിയായി സ്പേസ് ടൂറിസം മാറുമെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ഇതിഹാസ സംരംഭകന്‍ ഇലോണ്‍ മസ്ക്കും സ്പേസ് യാത്രാരംഗത്ത് ഡിസ്റപ്ഷനുകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.