2030ഓടെ റിയല്‍റ്റി മേഖല ജിഡിപിയുടെ 10% ആകും: ഹൗസിംഗ് സെക്രട്ടറി
1 min readമൊത്തം തൊഴില്‍ സംഖ്യയില്‍ 11 ശതമാനം വിഹിതമാണ് നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉള്ളത്
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വലുപ്പം 2030 ഓടെ ഒരു ട്രില്യണ്‍ ഡോളറിനു മുകളില്‍ എത്തുമെന്ന് ഭവന, നഗരകാര്യ സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര. ‘2019-20ല്‍ റിയല്‍ എസ്റ്റേറ്റ് മേഖല നമ്മുടെ ജിഡിപിയില്‍ 7% സംഭാവന നല്‍കി. അതിന്‍റെ മൊത്തം സംഭാവന 200 ബില്യണ്‍ ഡോളര്‍ ആയിരുന്നു…. 2030 ആകുമ്പോഴേക്കും ഈ സംഖ്യ ഒരു ട്രില്യണ്‍ ഡോളര്‍ കടക്കുമെന്ന് വിലയിരുത്തലുകള്‍ ഉണ്ട്, “മിശ്ര പറഞ്ഞു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 10 ശതമാനം സംഭാവന നല്‍കുന്ന തരത്തില്‍ റിയല്‍റ്റി മേഖല വളരുമെന്നാണ് കണക്കാക്കുന്നത്.
സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം റിയല്‍ എസ്റ്റേറ്റ് ഒരു പ്രധാന മേഖലയാണെന്നും മൊത്തം തൊഴില്‍ സംഖ്യയില്‍ 11 ശതമാനം വിഹിതമാണ് ഈ മേഖലയ്ക്ക് ഉള്ളത്. വ്യവസായ സ്ഥാപനമായ നരേഡ്കോയുമായി സഹകരിച്ച് റിയല്‍റ്റി പോര്‍ട്ടല്‍ ഹൗസിംഗ് ഡോട്ട് കോമും ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസും (ഐ എസ് ബി) തയാറാക്കിയ ഭവന വില സൂചികയുടെ അവതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദുര്‍ഗ ശങ്കര്‍ മിശ്ര.
“2030 ഓടെ, നമ്മുടെ സമ്പദ്വ്യവസ്ഥ 10 ട്രില്യണ്‍ ഡോളറിലേക്ക് ഉയരുമെന്ന് നമ്മള്‍ പ്രവചിക്കുമ്പോള്‍, അതില്‍ 10 ശതമാനവും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നായിരിക്കും. നിലവില്‍ 50 കോടി തൊഴിലുകളില്‍ 5.5 കോടി തൊഴിലവസരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് നല്‍കുന്നുണ്ട്,’ മിശ്ര പറഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാറ്റം വന്നിട്ടുണ്ട്. റെറ എന്നറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍റ് ഡവലപ്മെന്‍റ്) ആക്റ്റ് നടപ്പാക്കുന്നത് ഒരു മാതൃകാപരമായ മാറ്റം വരുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാള്‍, നാഗാലാന്‍ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റെറ നടപ്പാക്കിയിട്ടുണ്ട്. റെറയുടെ കീഴില്‍ ധാരാളം റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളും പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ചയ്ക്ക് കരുത്തേകാന്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെയും ബജറ്റുകളില്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സുഗമവും സുതാര്യവുമായ റിയല്‍ എസ്റ്റേറ്റ് വാങ്ങല്‍-വില്‍പ്പന പ്രക്രിയകള്‍ക്കായി ശക്തമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉണ്ടായിരിക്കണമെന്നും വെര്‍ച്വല്‍ മീറ്റിംഗില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആമസോണിന് സമാനമായി റിയല്‍ എസ്റ്റേറ്റിനു വേണ്ടി ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കാന്‍ റിയല്‍ എസ്റ്റേറ്റിനായുള്ള രണ്ട് പ്രധാന അസോസിയേഷനുകളായ ക്രെഡായിയോടും നരേഡ്കോയോടും താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില പുരോഗതികള്‍ ഉണ്ടായിട്ടുണ്ടെന്നും മിശ്ര പറഞ്ഞു. ഡെവലപ്പര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും തുടര്‍ന്ന് ഡാറ്റ അനലിറ്റിക്സ് വഴി വിശകലനം ചെയ്തുമാണ് ഹൗസിംഗ് ഡോട്ട് കോം, ഐഎസ്ബി എന്നിവ ഭവന വില സൂചിക തയാറാക്കുന്നത്. ഈ മേഖലയുടെ കൂടുതല്‍ വളര്‍ച്ചയ്ക്ക് സൂചിക ഉള്‍ക്കാഴ്ച നല്‍കുമെന്നും ഈ സൂചിക വീടുകള്‍ വാങ്ങുന്നവര്‍ക്കും നയ നിര്‍മാതാക്കള്‍ക്കും ഗുണം ചെയ്യുമെന്ന് മിശ്ര പറഞ്ഞു.