പശ്ചിമേഷ്യയില്‍ ആദ്യമായി മാലിന്യത്തില്‍ നിന്നും ഹൈഡ്രജനുണ്ടാകുന്ന പ്ലാന്റ് നിര്‍മിക്കാനൊരുങ്ങി ഷാര്‍ജയിലെ ബീയ്യ
അഡ്‌നോക്, മുബദല, എഡിക്യൂ തുടങ്ങി യുഎഇയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഹൈഡ്രജന്‍ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ഷാര്‍ജ: മാലിന്യത്തില്‍ നിന്നും ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുമായി ഷാര്‍ജ ആസ്ഥാനമായ ബീയ്യ. യുകെ ആസ്ഥാനമായ ചിനൂക് സയന്‍സസുമായി ചേര്‍ന്നാണ് ബീയ്യ മാലിന്യം ഹൈഡ്രജനാക്കി മാറ്റുന്ന പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പ്ലാന്റ് നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നത്.
മാലിന്യത്തില്‍ നിന്നുള്ള ഊര്‍ജോല്‍പ്പാദനം ലക്ഷ്യമിട്ട് ബീയ്യടയും ചിനൂകും നടപ്പിലാക്കുന്ന 180 മില്യണ്‍ ഡോളറിന്റെ പദ്ധതിയുടെ ഭാഗമാണ് ഹൈഡ്രജന്‍ പ്ലാന്റ് പദ്ധതി. മേഖലയില്‍ ഹരിത ഹൈഡ്രജനുള്ള ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നതിനാല്‍ പദ്ധതി വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദന പ്ലാന്റും ഇന്ധന സ്റ്റേഷനും ഉള്‍പ്പെട്ടതാണ് പദ്ധതി.
സൗദി അറേബ്യയും യുഎഇയും അടക്കം പശ്ചിമേഷ്യയിലെ എണ്ണക്കയറ്റമതി രാജ്യങ്ങള്‍ ഹൈഡ്രജനിലൂടെ ഭാവിയില്‍ സംശുദ്ധ ഊര്‍ജത്തിന്റെ കയറ്റുമതിക്കാരാകാനുള്ള ശ്രമത്തിലാണ്. രാജ്യത്തെ ലോകത്തിലെ മുന്‍നിര ഹൈഡ്രജന്‍ കയറ്റുമതിക്കാരായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സമഗ്ര പദ്ധതിക്കാണ് യുഎഇ രൂപം നല്‍കിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍, ഹൈഡ്രജന്‍ വ്യവസായ മേഖലയുടെ വലുപ്പം 2017ലെ 129 ബില്യണ്‍ ഡോളറില്‍ നിന്നും 2023ഓടെ 183 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ഫിച്ച് സൊലൂഷന്‍സിന്റെ പ്രവചനം. ഹൈഡ്രജന്‍ വ്യവസായ മേഖലയിലെ നിക്ഷേപം 2030ഓടെ 300 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് ഫ്രഞ്ച് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് നാടിക്‌സിസും കരുതുന്നു.
അഡ്‌നോക്, മുബദല, എഡിക്യൂ തുടങ്ങി യുഎഇയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഹൈഡ്രജന്‍ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. സൗരോര്‍ജ്ജത്തിനുള്ള ചിലവ് തുടര്‍ന്നും കുറയുമെന്നതിനാല്‍ 2050ഓടെ ഹരിത ഹൈഡ്രജനുള്ള ചിലവ് പ്രകൃതിവാതകത്തേക്കാള്‍ കുറവായിരിക്കുമെന്നാണ് ബ്ലൂംബര്‍ഗ്‌നെഫ് റിസര്‍ച്ച് പറയുന്നത്.
രാജ്യത്തെ ഭാവി ഊര്‍ജ വ്യവസായ മേഖലയുടെ നെടുംതൂണായിരിക്കും ഹരിത ഹൈഡ്രജന്‍ എന്നും പുതിയ, സുസ്ഥിര ഊര്‍ജ മേഖലകള്‍ വികസിപ്പിക്കാനുള്ള ദീര്‍ഘകാല നയത്തിന്റെ ഭാഗമായി ചിനൂകുമായി ചേര്‍ന്ന് ഹരിത ഹൈഡ്രജന്‍ വിപണിയിലേക്ക് രംഗപ്രവേശനം ചെയ്യാനാണ് ബീയ്യ ആലോചിക്കുന്നതെന്നും കമ്പനി ചെയര്‍മാന്‍ സലിം ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു. ഹൈഡ്രജന്‍ സമ്പദ് വ്യവസ്ഥ, ഊര്‍ജ വൈവിധ്യവല്‍ക്കരണം, ഡീകാര്‍ബണൈസേഷന്‍ എന്നീ ഉദ്യമങ്ങളില്‍ യുഎഇയ്ക്ക് പിന്തുണ നല്‍കാനാണ് കമ്പനിയുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കും വിറകും ഉള്‍പ്പടെയുള്ള മാലിന്യത്തെ ഹൈഡ്രജനാക്കുന്ന പ്ലാന്റില്‍ നിന്നുള്ള ഹരിത ഹൈഡ്രജനായിരിക്കും പദ്ധതിയുടെ ഭാഗമായ ഇന്ധന സ്റ്റേഷനില്‍ ഉപയോഗിക്കുക.
ഈ മാസം തുടക്കത്തില്‍ ദുബായ് എമിറേറ്റിലെ ആദ്യ ഹരിത ഹൈഡ്രജന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. യുഎഇയിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതിയായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിലാണ് ദുബായിലെ ആദ്യത്തെ ഹരിത ഹൈഡ്രജന്‍ പ്ലാന്റുള്ളത്. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിട്ടും (ദീവ) എക്‌സ്‌പോ 2020യും ജര്‍മ്മനിയിലെ സീമന്‍സ് എനര്‍ജിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സൗരോര്‍ജ്ജത്തില്‍ നിന്ന് എങ്ങനെ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാം, സംശുദ്ധ ഇന്ധനം എങ്ങനെ സൂക്ഷിക്കുകയും പുനര്‍ വൈദ്യുതീകരിക്കുകയും ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് പദ്ധതി പരിഗണിക്കുന്നത്. പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നമാണ് ഇവിടെ ഹരിത ഇന്ധനം ഉല്‍പ്പാദിപ്പിക്കുക.