പുതിയ ടീം പുതിയ പ്രതീക്ഷ : ഹര്‍ഷവര്‍ധന്‍ പുറത്ത്, മലയാളി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി
1 min read- മലയാളി രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി; വി മുരളീധരന്‍ തുടരും
- ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ തുടങ്ങിയവരും മന്ത്രിസഭയിലേക്ക്
- ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രാജിവെച്ചു
ന്യൂഡെല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ പുനസംഘടനയില്‍ വന്‍മാറ്റങ്ങള്‍. കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ പിഴവുകള്‍ ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍റെ പുറത്താകലിലേക്ക് നയിച്ചു. ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വിനി കുമാറും രാജി വെച്ച 11 മന്ത്രിമാരുടെ കൂട്ടത്തിലുണ്ട്. തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാങ് വാറും രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍, ബാബുല്‍ സുപ്രിയോ, സദാനന്ദ ഗൗഡ, ഡേബശ്രീ ചൗധരി, സഞ്ജയ് ധോത്രേ, രത്തന്‍ ലാല്‍ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി, റാവു സാഹിബ് ധന്‍വെ പാട്ടീല്‍ തുടങ്ങിയവരും രാജിവെച്ചു.
43 മന്ത്രിമാരാണ് മോദിയുടെ പുതിയ സംഘത്തില്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. മലയാളി രാജീവ് ചന്ദ്രശേഖര്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവില്‍ മന്ത്രിസഭയിലെത്തി. പോണ്ടിച്ചേരിയില്‍ ബിജെപി അധികാരത്തിലേറുന്നതിന് ചരട് വലിച്ചത് രാജീവ് ചന്ദ്രശേഖറായിരുന്നു.
അസമില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു നല്‍കേണ്ടി വന്ന സര്‍ബാനന്ദ സോനോവാള്‍, മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണെ, ഭീവണ്ടി എംപി കപില്‍ പാട്ടീല്‍, നൈനിറ്റാള്‍ എംപി അജയ് ഭട്ട്, എല്‍ജെപി നേതാവ് പശുപതി കുമാര്‍ പരസ്, ജെഡിയു നേതാവ് ആര്‍സിപി സിംഗ്, ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ്, ന്യൂഡെല്‍ഹി എം പി മീനാക്ഷി ലേഖി, ഉഡുപ്പി എംപി ശോഭ കരന്തലാജെ, ബീഡ് എംപി ഡോ. പ്രീതം മുണ്ടെ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 43 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.
പ്രായം കുറഞ്ഞ കാബിനറ്റായിരിക്കും ഇതെന്നാണ് ബിജെപിയുടെ അവകാശവാദം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും ഒബിസി വിഭാഗത്തില്‍ നിന്നും കൂടുതല്‍ പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കി.
മോദിയുടെ സബ്കാ വികാസ് മുദ്രാവാക്യത്തില്‍ അധിഷ്ഠിതമായാണ് മന്ത്രിസഭാ പുനസംഘടനയെന്ന് ബിജെപി അവകാശപ്പെടുന്നു.
മലയാളി രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയായത് ശ്രദ്ധേയമായി. സംരംഭകനും ടെക്നോക്രാറ്റും കൂടിയായ അദ്ദേഹം കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്. രാജീവ് ചന്ദ്രശേഖറിന്‍റെ മന്ത്രിസ്ഥാനം കേരളത്തില്‍ ബിജെപിക്ക് നേട്ടമാകുമോയെന്നത് കണ്ടറിയണം. നിലവില്‍ കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാന്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.
മികച്ച പ്രകടനം നടത്തിയ മന്ത്രിമാരായ ഹര്‍കിഷന്‍ സിംഗ് പൂരി, കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍, ജി കെ റെഡ്ഡി തുടങ്ങിയവര്‍ക്ക് പ്രൊമോഷന്‍ ലഭിച്ചു. പരീക്ഷാ നടത്തിപ്പിലുണ്ടായ പ്രശ്നങ്ങളും കേന്ദ്ര സര്‍വകലാശാലകളിലും ഐഐടികളിലും അധ്യാപക-വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ വൈകിയതുമെല്ലാം വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിന് വിനയായി.
സമ്പന്നം ടീം മോദി
പുതിയ മന്ത്രിമാരില്‍ 13 വക്കീലന്‍മാര്‍, ആറ് ഡോക്റ്റര്‍മാര്‍, 5 എന്‍ജിനീയര്‍മാര്‍, 7 സിവില്‍ സര്‍വന്‍റ്സ്, ഏഴ് പിഎച്ച്ഡിക്കാര്‍, എംബിഎ നേടിയ മൂന്ന് പേര്‍
പുറത്തായ പ്രമുഖര്‍
ആരോഗ്യവകുപ്പ് കൈയാളിയിരുന്ന ഡോ. ഹര്‍ഷ് വര്‍ധന്‍, വിദ്യാഭ്യാസ വകുപ്പിന്‍റെ അമരത്തുണ്ടായിരുന്ന രമേഷ് പൊക്രിയാല്‍, തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സന്തോഷ് ഗാങ് വാര്‍, ബാബുള്‍ സുപ്രിയോ
സംരംഭകനും ടെക്നോക്രാറ്റും കൂടിയായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ്. രാജീവ് ചന്ദ്രശേഖറിന്‍റെ മന്ത്രിസ്ഥാനം കേരളത്തില്‍ ബിജെപിക്ക് നേട്ടമാകുമോയെന്നത് കണ്ടറിയണം