ഇന്ത്യയില്‍ ഓരോ ആഴ്ച്ചയിലും ഒരു പോര്‍ഷ പനമേര വില്‍ക്കുന്നു
പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പുതുതായി അഞ്ച് സെന്ററുകള്‍ തുറക്കും
ന്യൂഡെല്‍ഹി: കൊവിഡ് 19 മഹാമാരിയൊന്നും ഇന്ത്യയില്‍ പോര്‍ഷയെ ബാധിക്കുന്നില്ല. 2021 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ പാദ വില്‍പ്പന കണക്കുകള്‍ പോര്‍ഷ ഇന്ത്യ പുറത്തുവിട്ടു. 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 52 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഇന്ത്യയില്‍ പോര്‍ഷ നേടിയിരിക്കുന്നത്. 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്ത്യയില്‍ 154 കാറുകളാണ് പോര്‍ഷ വിറ്റത്.
മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഇന്ത്യയില്‍ ഓരോ ആഴ്ച്ചയിലും ശരാശരി ഒരു പനമേര വിറ്റുപോകുന്നതായി ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ പ്രസ്താവിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍, പോര്‍ഷ എസ്‌യുവികളുടെ വില്‍പ്പനയില്‍ 38 ശതമാനം വര്‍ധന നേടാന്‍ കഴിഞ്ഞു. 911, 718 ബോക്‌സ്റ്റര്‍, കെയ്മാന്‍ എന്നീ 2 ഡോര്‍ സ്‌പോര്‍ട്‌സ്‌കാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. 26 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്.
നിലവിലെ വിപണി സാഹചര്യങ്ങളില്‍ പോര്‍ഷ നേടിയ ഈ വില്‍പ്പന വളര്‍ച്ച കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പോര്‍ഷ പദ്ധതി തയ്യാറാക്കിയ വേളയില്‍ പ്രത്യേകിച്ചും. പന്ത്രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പുതുതായി അഞ്ച് സെന്ററുകള്‍ തുറക്കുകയാണ് പോര്‍ഷയുടെ ലക്ഷ്യം.
ആകെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍, സാമ്പത്തിക പാദ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വില്‍പ്പനയാണ് പോര്‍ഷ നേടിയിരിക്കുന്നത്. ഈ വര്‍ഷത്തെ തങ്ങളുടെ പ്രകടനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് പോര്‍ഷ ഇന്ത്യ ബ്രാന്‍ഡ് മേധാവി മനോലിറ്റോ വുജിസിക് പറഞ്ഞു.