പിഎന്‍ബി-യുടെ അറ്റാദായം 586.33 കോടി രൂപ
1 min readമുംബൈ: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 586.33 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 697.20 കോടി രൂപയുടെ നഷ്ടം ബാങ്ക് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം അറ്റാദായം 2,022 കോടി രൂപയായിരുന്നു.
പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 28.4 ശതമാനം വര്‍ധിച്ച് 22,980 കോടി രൂപയായി. അറ്റ പലിശ വരുമാനം 1.9 ശതമാനം വര്‍ധിച്ച് 6,938 കോടി രൂപയിലെത്തി. സാമ്പത്തിക വര്‍ഷത്തിലെ മൊത്തം പലിശ വരുമാനം 17 ശതമാനം വര്‍ധിച്ച് 30,477 കോടി രൂപയായി.നാലാം പാദത്തില്‍ മൊത്തം വരുമാനം 22,532 കോടി രൂപയാണ്. 2020-21ല്‍ മൊത്തം നേടിയ വരുമാനം രണ്ടാം സാമ്പത്തിക വര്‍ഷം 93,562 കോടി രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഓറിയന്‍റല്‍ ബാങ്കുമായുള്ള ലയനം നടന്ന സാഹചര്യത്തില്‍ മുന്‍ സാമ്പത്തിവര്‍ഷവുമായുള്ള താരതമ്യം യുക്തിസഹമാകില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
മൊത്ത നിഷ്ക്രിയ ആസ്തി (എന്‍പിഎ) മാര്‍ച്ച് പാദത്തില്‍ 14.12 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 14.21 ശതമാനമായിരുന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ബാങ്കിന്‍റെ മൊത്തം എന്‍പിഎ 12.99 ശതമാനമായിരുന്നു. ജനുവരി -മാര്‍ച്ച് കാലയളവില്‍ അറ്റ എന്‍പിഎ 5.73 ശതമാനമായാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തില്‍ 5,293 കോടി രൂപ എന്‍പിഎകള്‍ക്കായി ബാങ്ക് വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉള്ളതിനെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണിത്.