Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കമ്പനികളിലെ പൂര്‍ണ വിദേശ ഉടമസ്ഥാവകാശം: ദുബായ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ഇതിനോടകം എമിറേറ്റിലെ 59 നിക്ഷേപകരാണ് ഈ മാസം ആദ്യം നിലവില്‍ വന്ന ഈ പുതിയ നിയമം പ്രയോജനപ്പെടുത്തിയിരിക്കുന്നത്

ദുബായ്: എമിറേറ്റിലെ വാണിജ്യ സംരംഭങ്ങളില്‍ നൂറ് ശതമാനം വിദേശ ഉടമസ്ഥാവകാശത്തിന് അനുവദിക്കുന്ന യുഎഇ നിയമവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ദുബായിലെ സാമ്പത്തിക വികസന വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ദുബായ് ഇക്കോണമി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ആയിരത്തിലധികം വാണിജ്യ, വ്യാവസായിക പ്രവൃത്തികളിലാണ് സമ്പൂര്‍ണ വിദേശ ഉടമസ്ഥാവകാശത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. ഏഴ് തന്ത്രപ്രധാന മേഖലകളിലെ സാമ്പത്തിക പ്രവൃത്തികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം കമ്പനികളുടെയും പങ്കാളികളുടെയും മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ തീരുമാന പ്രകാരം, എമിറാറ്റി പങ്കാളി ഉള്‍പ്പെടുന്ന തരത്തിലുള്ള നിലവിലെ ബിസിനസ് ലൈസന്‍സുകളില്‍ മാറ്റമുണ്ടാകില്ല. നിയമപ്രകാരമുള്ള നടപടികളിലൂടെ എമിറാറ്റി പങ്കാളിയുടെ പങ്കാളിത്ത ശതമാനം 51 ശതമാനത്തില്‍ നിന്ന് കുറയ്ക്കുന്നതും അല്ലെങ്കില്‍ പങ്കാളിത്തത്തില്‍ നിന്ന് പിന്മാറുന്നതും സാധ്യമാണെന്ന് ദുബായ് ഇക്കോണമി വ്യക്തമാക്കി. ദുബായിലെ 59ഓളം നിക്ഷേപകരാണ് ഇതുവരെ ജൂണ്‍ ഒന്നിന് നിലവില്‍ വന്ന പുതിയ നിയമം പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്നും ദുബായ് ഇക്കോണമി അറിയിച്ചു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

വാണിജ്യ കമ്പനികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമഭേദഗതി കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുഎഇയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. മുന്‍ നിയമപ്രകാരം, യുഎഇയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദേശ കമ്പനികളുടെ ഭൂരിപക്ഷ ഓഹരികളും എമിറാറ്റി പൗരന്റെ പേരിലായിരിക്കണം. യുഎഇയില്‍ കമ്പനി ആരംഭിക്കുന്നതിന് യുഎഇ പൗരനോ അല്ലെങ്കില്‍ യുഎഇ ഉടമസ്ഥതയിലുള്ള കമ്പനിയോ ഏജന്റായി വേണമെന്നും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഭൂരിപക്ഷവും എമിറാറ്റി പൗരന്മാരും ബോര്‍ഡ് ചെയര്‍മാന്‍ എമിറാറ്റിയും ആയിരിക്കണമെന്നുമുള്ള നിബന്ധനകളും യുഎഇ കഴിഞ്ഞിടെ എടുത്തുമാറ്റിയിട്ടുണ്ട്.

അതേസമയം സമ്പൂര്‍ണ വിദേശ ഉടമസ്ഥാവകാശത്തിനുള്ള അവസരം മൂലം നിലവിലെ നടപടിക്രമങ്ങളിലോ ലൈസന്‍സ് നിബന്ധനകളിലോ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും എമിറാറ്റി പൗരന്‍ പങ്കാളിയായി വേണമെന്നും അവരുടെ പേരില്‍ നിശ്ചിത ഓഹരികള്‍ ഉണ്ടായിരിക്കണമെന്നുമുള്ള നിബന്ധനകളില്‍ മാത്രമാണ് ഇളവെന്നും ദുബായ് ഇക്കോണമി വ്യക്തമാക്കി. സമ്പൂര്‍ണ വിദേശ ഉടമസ്ഥാവകാശത്തിനായി അധിക ഫീസോ ഗ്യാരണ്ടിയോ മൂലധനമോ ആവശ്യമില്ലെന്നും ദുബായ് ഇക്കോണമി കൂട്ടിച്ചേര്‍ത്തു.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

വിദേശ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമ ഭേദഗതി രാജ്യത്തെ സുപ്രധാന സാമ്പത്തിക മേഖലകളിലേക്ക് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സംരംഭകത്വം മെച്ചപ്പെടുത്താനും രാജ്യത്തെ സഹായിക്കുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കുന്നതിനായി യുഎഇ സമീപകാലത്തായി സ്വീകരിച്ച നടപടികളില്‍ ഒന്ന് മാത്രമാണ് സമ്പൂര്‍ണ വിദേശ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമ ഭേദഗതി. നിക്ഷേപകര്‍ക്കായുള്ള പത്ത് വര്‍ഷ ദീര്‍ഘകാല വിസ, പ്രതിഭകള്‍ക്ക് പൗരത്വം തുടങ്ങി രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപകരെയും പ്രതിഭകളെയും സംരംഭകരെയും ആകര്‍ഷിക്കുന്നതിനായി മറ്റ് പല പദ്ധതികളും സമീപകാലത്തായി യുഎഇ പ്രഖ്യാപിച്ചിരുന്നു.

പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട സാമ്പത്തിക തകര്‍ച്ചകള്‍ക്കിടയിലും കഴിഞ്ഞ വര്‍ഷം യുഎഇയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 44 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. 73 ബില്യണ്‍ ദിര്‍ഹം എഫ്ഡിഐ ആണ് 2020ല്‍ യുഎഇയിലേക്ക് ഒഴുകിയത്. വാണിജ്യ കമ്പനികളില്‍ സമ്പൂര്‍ണ വിദേശ ഉടമസ്ഥാവകാശം അനുവദിക്കാനുള്ള തീരുമാനം സാമ്പത്തിക വീണ്ടെടുപ്പ് വേഗത്തിലാക്കുമെന്നും പശ്ചിമേഷ്യയുടെ വാണിജ്യ, വ്യാപാര ഹബ്ബെന്നും നിക്ഷേപത്തിന് ഏറ്റവും മികച്ച ഇടമെന്നുമുള്ള ദുബായുടെ മത്സരക്ഷമത ഉയര്‍ത്തുമെന്നും ദുബായ് ഇക്കോണമി അവകാശപ്പെട്ടു.

  സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ്

നിലവിലെ നിയമങ്ങള്‍ അനുസരിച്ച് എല്‍എല്‍സി (ലിമിറ്റഡ് ലയബലിറ്റി കമ്പനി) എന്നതില്‍ നിന്നും ഒരു വിദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമെന്നതിലേക്ക് കമ്പനി മാറ്റാന്‍ സാധിക്കില്ലെങ്കിലും ലൈസന്‍സ് ഒരു വ്യക്തിയുടെ പേരിലുള്ള കമ്പനി എന്ന നിലയിലേക്ക് മാറ്റാമെന്ന് ദുബായ് ഇക്കോണമി അറിയിച്ചു. വാണിജ്യ ഏജന്‍സി നിയമത്തിന് കീഴില്‍ വരുന്ന വാണിജ്യ ഏജന്‍സികളില്‍ പൂര്‍ണ വിദേശ ഉടമസ്ഥാവകാശം ബാധകമല്ല. പക്ഷേ വിദേശ കമ്പനികളുടെ യുഎഇ ശാഖകള്‍ക്ക് എമിറാറ്റി പൗരന്‍ ഏജന്റായി വേണമെന്നില്ല.

Maintained By : Studio3