നുണകള്‍ക്ക് ആയുസ്സില്ല – പ്രകാശ് ജാവദേക്കര്‍
ഒന്നോ, രണ്ടോ, മൂന്നോ തവണ നിങ്ങള്‍ക്ക് നുണ പ്രചരിപ്പിക്കാം. പക്ഷെ അതിന് ആയുസ്സുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യവും അടിസ്ഥാനമൂല്യങ്ങളും എപ്പോഴും സുരക്ഷിതമാണ്. എല്ലാവരുടെയും ക്ഷേമത്തിനാണ് ഞങ്ങളുടെ പരിശ്രമം. എല്ലാവരെയും ബഹുമാനിക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക് മതത്തിന്‍റെ പേരില്‍ വിവേചനമുണ്ടാകില്ല. സാംസ്ക്കാരികമായി നാം പുലര്‍ത്തിവന്ന എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യത്തില്‍ നാം അഭിമാനിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
90 കോടി വോട്ടര്‍മാരില്‍ 70 ശതമാനവും വോട്ടു രേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് നല്ല ബോധ്യമുണ്ട്. കേവല ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് 2014 മുതല്‍ രാജ്യം ഭരിക്കുന്നതെന്ന ഓര്‍മ്മ വേണം. ഫെഡറലിസത്തെ തകര്‍ക്കുകയാണെന്ന ആരോപണവും സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നിഷേധിക്കുയാണെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്.
വികലമായ ചിത്രമാണ് മോദിവിരുദ്ധര്‍ അവതരിപ്പിക്കുന്നത്. ജനാധിപത്യത്തിലൂടെ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കഴിയാത്തവര്‍ പ്രധാനമന്ത്രിക്ക് നിശ്ചിത കാലാവധി വേണമെന്ന ഭരണഘടനാ ഭേദഗതി കൊണ്ടു വരണമെന്ന് വാദിക്കുന്നു. നെഹ്റുവിന്‍റെയോ, ഇന്ദിരാഗാന്ധിയുടേയോ കാലത്ത് ഇത് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
ബജറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമാണോയെന്ന ചോദ്യത്തിന് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ 100-ാം വര്‍ഷത്തില്‍ രാജ്യത്തെ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുന്നത് വിഭാവനം ചെയ്താണ് ഓരോ ബജറ്റും അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.