ഓഗസ്റ്റ് മുതല്‍ എണ്ണയുല്‍പ്പാദനം വീണ്ടും വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ഒപെക് പ്ലസ്
പ്രതിദിനം 2.1 മില്യണ്‍ ബാരല്‍ (ബിപിഡി) എണ്ണയുല്‍പ്പാദനത്തിലേക്ക് ക്രമേണയുള്ള തിരിച്ചുവരവാണ് ഒപെക് പ്ലസ് ലക്ഷ്യമിടുന്നത്.
ദുബായ്: ഡിമാന്‍ഡ് വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എണ്ണവില വര്‍ധിക്കുന്നതിനാല്‍ ഓഗസ്റ്റ് മുതല്‍ വീണ്ടും എണ്ണയുല്‍പ്പാദനം ക്രമേണ വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് പദ്ധതിയിടുന്നു. അതേസമയം ഉല്‍പ്പാദനം എത്ര വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഒപെക് സ്രോതസ്സുകള്‍ അറിയിച്ചു. ജൂലൈ ഒന്നിന് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
ഒപെക് പ്ലസ് എന്ന എണ്ണക്കയറ്റുമതി രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും സംഘടന 2.1 മില്യണ്‍ ബിപിഡി എണ്ണയുല്‍പ്പാദനത്തിലേക്ക് ക്രമേണയായി തിരിച്ചുവരാനുള്ള തീരുമാനത്തിലാണ്. ഇതിന്റെ ഭാഗമായി മെയിലും ജൂണിലും ജൂലൈയിലും ഒപെക് പ്ലസ് അംഗങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ റെക്കോഡ് ഉല്‍പ്പാദന നിയന്ത്രണത്തിന്റെ ആഘാതം ഇല്ലാതാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
ഓഗസ്റ്റ് മുതല്‍ ക്രമേണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സ്രോതസ്സുകള്‍ വെളിപ്പെടുത്തി. എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ചൊവ്വാഴ്ചയും വില കൂടി. ബ്രെന്റിന് ബാരലിന് വില 75 ഡോളറായി. 2019 ഏപ്രിലിന് ശേഷം ആദ്യമായാണ് ബ്രെന്റിന് 75 ഡോളര്‍ വില വരുന്നത്. എണ്ണയുടെ ഡിമാന്‍ഡ് വീണ്ടെടുപ്പില്‍ നിക്ഷേപകര്‍ക്കുള്ള പ്രതീക്ഷയും ഇറാന്‍ ഇന്ധനം വിപണിയിലേക്ക് വേഗത്തില്‍ തിരിച്ചെത്തുന്നത് സംബന്ധിച്ച ആശങ്കയ്ക്ക് ശമനമുണ്ടായതുമാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍.