October 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സന്ദര്‍ശകര്‍ക്ക് സൗജന്യ കോവിഡ്-19 വാക്‌സിന്‍ വാഗ്ദാനം ചെയ്ത് അബുദാബി

1 min read

നേരത്തെ യുഎഇ പൗരന്മാര്‍ക്കും താമസ വിസ കൈവശമുള്ള വിദേശികള്‍ക്കും മാത്രമാണ് അബുദാബി സൗജന്യ വാക്‌സിന്‍ നല്‍കിയിരുന്നത്.

അബുദാബി: അബുദാബി സന്ദര്‍ശകര്‍ക്ക് ഇനിമുതല്‍ സൗജന്യമായി കോവിഡ് വാക്‌സിനെടുക്കാം. എമിറേറ്റില്‍ സന്ദര്‍ശക വിസയില്‍ വന്നെത്തുന്നവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കാന്‍ അബുദാബി സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ യുഎഇ പൗരന്മാര്‍ക്കും താമസ വിസ കൈവശമുള്ള വിദേശികള്‍ക്കും മാത്രമാണ് യുഎഇ സൗജന്യ വാക്‌സിന്‍ നല്‍കിയിരുന്നത്. അതേസമയം യുഎഇയിലെ ഏറ്റവും ജനസാന്ദ്രതയേറിയ എമിറേറ്റായ ദുബായിയോ മറ്റ് അഞ്ച് എമിറേറ്റുകളോ വാക്‌സിന്‍ നയം പുതുക്കിയതായി അറിവില്ല.

അബുദാബി പുറപ്പെടുവിക്കുന്ന വിസ കൈവശമുള്ള സന്ദര്‍ശകര്‍ക്കും സന്ദര്‍ശക വിസയ്ക്ക് യോഗ്യതയുള്ള പാസ്‌പോര്‍ട്ട്ധാരികള്‍ക്കുമാണ് അബുദാബി വഴി യുഎഇയില്‍ എത്തിയാല്‍ സൗജന്യ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ അവസരമുള്ളതെന്ന് എമിറേറ്റിലെ പൊതുജനാരോഗ്യ സംവിധാനമായ അബുദാബി ഹെല്‍ത്ത് സര്‍വ്വീസ് കമ്പനി (സേഹ) അറിയിച്ചു. കാലാവധി കഴിഞ്ഞ താമസ വിസയോ എന്‍ട്രി വിസയോ കെവശമുള്ളവരും സൗജന്യ വാക്‌സിന് യോഗ്യരാണ്. പകര്‍ച്ചവ്യാധിക്കാലത്ത് തൊഴിലുകള്‍ നഷ്ടപ്പെട്ടും യാത്രാ നിയന്ത്രണങ്ങള്‍ മൂലവും ചിലയാളുകളുടെ താമസ വിസയുടെ കാലാവധി അവസാനിക്കുകയോ റദ്ദായി പോവുകയോ ചെയ്തിരുന്നു.

ഈ മാസം വാക്‌സിന് യോഗ്യരായ ജനസംഖ്യയുടെ 85 ശതമാനം ആളുകള്‍ക്ക്  കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭ്യമാക്കിയതായി യുഎഇ ആരോഗ്യ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം രണ്ട് ഡോസുകളും പൂര്‍ത്തിയാക്കിയവരുടെ എണ്ണം എത്രയാണെന്ന് യുഎഇ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസം യുഎഇയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം കുതിര്‍ച്ചുയര്‍ന്നിരുന്നു. അബുദാബിയില്‍ പ്രവേശിക്കുന്നതിന് വിദേശത്ത് നിന്നുള്ളവര്‍ക്ക് ഇപ്പോഴും ഹോം ക്വാറന്റീനും പിസിആര്‍ പരിശോധനയും അടക്കമുള്ള നിയന്ത്രണങ്ങളുണ്ട്. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് വരുന്നവരും രോഗമില്ലെന്ന് തെളിയിക്കണം.

ചൈന, ജര്‍മ്മനി, യുഎസ് അടക്കം 27ഓളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഇല്ല. ഇവര്‍ക്ക് ക്വാറന്റീനും നിര്‍ബന്ധമല്ല. ചൈനയിലെ സര്‍ക്കാര്‍ ഇടമസ്ഥതയിലുള്ള മരുന്ന് നിര്‍മ്മാതാക്കളായ സിനോഫാമിന്റെയും ഫൈസര്‍ ബയോടെക്കിന്റെയും  കോവിഡ്-19 വാക്‌സിനുകളാണ് സേഹ വഴി അബുദാബി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.

ദുബായില്‍ നിലവില്‍ പൗരന്മാര്‍ക്കും താമസ വിസ കൈവശമുള്ളവര്‍ക്കുമാണ് സൗജന്യ വാക്‌സിന്‍ നല്‍കുന്നത്.

Maintained By : Studio3