November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മിനിയുടെ അവസാന ഐസിഇ മോഡല്‍ 2025 ല്‍

2030 കളുടെ തുടക്കത്തില്‍ ഇലക്ട്രിക് ഓണ്‍ലി ബ്രാന്‍ഡായി മാറുകയാണ് മിനി

ലണ്ടന്‍: 2030 കളുടെ തുടക്കത്തില്‍ ഇലക്ട്രിക് ഓണ്‍ലി ബ്രാന്‍ഡായി മാറുകയാണ് മിനി. ഇതിനുമുന്നോടിയായി ബ്രിട്ടീഷ് ബ്രാന്‍ഡില്‍നിന്നുള്ള അവസാന ആന്തരിക ദഹന എന്‍ജിന്‍ (ഐസിഇ) മോഡല്‍ 2025 ല്‍ അന്താരാഷ്ട്ര വിപണികളിലെത്തും. അടുത്ത തലമുറ മിനി ഹാച്ച്ബാക്കാണ് ഈ അവസാന ഐസിഇ മോഡല്‍. ഇതേതുടര്‍ന്ന് പൂര്‍ണ വൈദ്യുത മോഡലുകള്‍ മാത്രമായിരിക്കും മിനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 2027 ഓടെ ആഗോള വില്‍പ്പനയുടെ പകുതി ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കണമെന്ന ലക്ഷ്യമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ പുതിയ പദ്ധതി മാതൃ കമ്പനിയായ ബിഎംഡബ്ല്യു ഗ്രൂപ്പാണ് പ്രഖ്യാപിച്ചത്. ഗ്രൂപ്പിന്റെ വൈദ്യുതീകരണ പദ്ധതികളുടെ വഴികാട്ടിയായി മിനി സ്വന്തം ചുമതല നിര്‍വഹിക്കുമെന്ന് ബിഎംഡബ്ല്യു പ്രസ്താവിച്ചു. ഇലക്ട്രിക് മൊബിലിറ്റിക്ക് തികച്ചും അനുയോജ്യമാണ് ഈ അര്‍ബന്‍ ബ്രാന്‍ഡ് എന്ന് ബിഎംഡബ്ല്യു കൂട്ടിച്ചേര്‍ത്തു. ലോകത്തെ എല്ലാ മേഖലകളിലും സാന്നിധ്യമുള്ള ആഗോള ബ്രാന്‍ഡായി മിനി തുടരുമെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കി. നിലവില്‍ പ്രവര്‍ത്തിക്കുന്ന വിപണികളില്‍ 2030 നുശേഷവും ഐസിഇ കാറുകള്‍ വില്‍ക്കുമെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കി.

നിലവില്‍ മിനിയുടെ അന്താരാഷ്ട്ര ലൈനപ്പില്‍ കൂപ്പര്‍ അടിസ്ഥാനമാക്കി നിര്‍മിച്ച മിനി ഇലക്ട്രിക് എസ്ഇ എന്ന ഇവി മാത്രമാണുള്ളത്. ഈ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. അടുത്ത തലമുറ മിനി കണ്‍ട്രിമാന്‍ 2023 ല്‍ ലൈപ്‌സിഗ് പ്ലാന്റില്‍ നിര്‍മിച്ചുതുടങ്ങും. ഈ മോഡല്‍ ഐസിഇ, ഇവി വകഭേദങ്ങളില്‍ വിപണികളിലെത്തും.

മിനിയുടെ ഓക്‌സ്‌ഫോഡ് പ്ലാന്റ് സുരക്ഷിതമായി നിലനിര്‍ത്തുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് മാനേജര്‍ മിലന്‍ നെഡെല്‍ജ്‌കോവിച്ച് പറഞ്ഞു. പൂര്‍ണമായും വൈദ്യുതീകരണത്തിലേക്ക് മാറിയാലും ഇവിടെ തുടര്‍ന്നും മിനി മോഡലുകള്‍ നിര്‍മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ഇവി ആര്‍ക്കിടെക്ച്ചറിന്റെ പണിപ്പുരയില്‍ കൂടിയാണ് മിനി. ഗ്രേറ്റ് വോള്‍ മോട്ടോഴ്‌സുമായി ചേര്‍ന്ന് 2023 മുതല്‍ ചൈനയില്‍ നിര്‍മിക്കുന്ന മിനി ക്രോസ്ഓവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കും.

Maintained By : Studio3