ഫെബ്രുവരിയില്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയ്ക്ക് 21% വളര്‍ച്ച
കോവിഡ് 19 സൃഷ്ടിച്ച സാഹചര്യം പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ക്കുള്ള ആവശ്യകത വര്‍ധിപ്പിച്ചു
ന്യൂഡെല്‍ഹി: 2020 കലണ്ടര്‍ വര്‍ഷത്തിന്‍റെ അവസാന രണ്ട് മാസങ്ങളില്‍ ഇടിവ് നേരിട്ട ലൈഫ് ഇന്‍ഷുറന്‍സ് മേഖല ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വളര്‍ച്ചാ വേഗം നിലനിര്‍ത്തി. ഒന്നാം വര്‍ഷ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം 21 ശതമാനം വളര്‍ച്ചയോടെ 22,425 കോടി രൂപയായി. 2020 ഫെബ്രുവരിയില്‍ ഇത് 18,533 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍, നവംബര്‍ മാസങ്ങളില്‍ ഇത് യഥാക്രമം 2.8 ശതമാനത്തിന്‍റെയും 26.9 ശതമാനത്തിന്‍റെയും ഇടിവാണ് പ്രകടമാക്കിയത്.
സിംഗിള്‍ പ്രീമിയങ്ങളുടെ വര്‍ദ്ധനവാണ് വളര്‍ച്ചയെ മുന്നോട്ടുനയിക്കുന്നത്. എന്നാല്‍ സിംഗിള്‍ ഇതര പ്രീമിയങ്ങളില്‍ പ്രകടമായ ഇടിവ് വര്‍ധനയെ നിയന്ത്രിച്ചുവെന്ന് കെയര്‍ റേറ്റിംഗ്സ് തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. പ്രതിമാസ വിലയിരുത്തലില്‍ മാത്രമല്ല വര്‍ഷത്തില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരവും വളര്‍ച്ച രേഖപ്പെടുത്തുന്ന തരത്തിലാണ് ഫെബ്രുവരിയിലെ കണക്കുകള്‍ വന്നിട്ടുള്ളത്.
ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലെ ഫസ്റ്റ് ഇയര്‍ പ്രീമിയം 0.6 ശതമാനം വര്‍ധനയോടെ 2,34,861 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,33,487 കോടി രൂപയായിരുന്നു. മൊത്തം അഷ്വേര്‍ഡ് തുക 7 ശതമാനം കുറഞ്ഞ് 44.4 ലക്ഷം കോടിയില്‍ നിന്ന് 41.8 ലക്ഷം കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്.
എല്‍ഐസിയുടെ ഒന്നാം വര്‍ഷ പ്രീമിയം ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് പ്രകാരം 3 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 37 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അതേസമയം, സ്വകാര്യ കമ്പനികള്‍ 8.5 ശതമാനം വളര്‍ച്ച ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തി. മുന്‍ വര്‍ഷം സമാന കാലയളവില്‍ അത് 21.4 ശതമാനം വളര്‍ച്ചയായിരുന്നു.
കോവിഡ് 19 സൃഷ്ടിച്ച സാഹചര്യം പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ക്കുള്ള ആവശ്യകത വര്‍ധിപ്പിച്ചു. അതേസമയം വിപണിയിലെ ചാഞ്ചാട്ടം ലിങ്ക്ഡ് പദ്ധതികളുടെ ആവശ്യകതയെ ബാധിച്ചു. കഴിഞ്ഞ വര്‍ഷം ഉണ്ടായ ഇരട്ട അക്ക വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം കുറഞ്ഞ ഒറ്റ അക്കത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് വ്യവസായം വളരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തില്‍, ഇടത്തരം കാലഘട്ടത്തില്‍ കാഴ്ചപ്പാട് ‘സുസ്ഥിരം’ എന്ന തലത്തിലാണെന്ന് കെയര്‍ റേറ്റിംഗ്സ് വ്യക്തമാക്കുന്നു.