കഴിഞ്ഞ വർഷം ദുബായ് ഇക്കണോമി അനുവദിച്ചത് 42,640 പുതിയ ലൈസൻസുകൾ
ദുബായ്: 2020ൽ ദുബായിലെ സാമ്പത്തിക വികസന വകുപ്പ് (ദുബായ് ഇക്കണോമി) അനുവദിച്ചത് 42,640 ലൈസൻസുകൾ. മുൻവർഷത്തെ അപേക്ഷിച്ച് പുതിയ ലൈസൻസുകളുടെ എണ്ണത്തിൽ നാല് ശതമാനം വർധനവ് ഉണ്ടായതായി ദുബായ് ഇക്കണോമി അറിയിച്ചു. പുതിയതായി അനുവദിച്ച ലൈസൻസുകളിൽ 64 ശതമാനം പ്രൊഫഷണലും 35 ശതമാനം വാണിജ്യവും ബാക്കിയുള്ളവ ടൂറിസം, വ്യാവസായിക മേഖലകളിലുമാണെന്ന് ദുബായ് ഇക്കണോമിയിലെ ബിസിനസ് രജിസ്ട്രേഷൻ ആൻഡ് ലൈസൻസിംഗ് വിഭാഗം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
പുതിയതായി അനുവദിച്ച ലൈസൻസുകളിൽ ഭൂരിഭാഗവും ബർ ദുബായ് മേഖലയിലാണ്. ദെയ്റ, ഹട്ട മേഖലകളിലാണ് ബാക്കിയുള്ള ലൈസൻസുകളിൽ അധികവും അനുവദിക്കപ്പെട്ടിരിക്കന്നത്. 346,375 ബിസിനസ് രജിസ്ട്രേഷനുകളും ലൈസൻസിംഗ് ഇടപാടുകളും കഴിഞ്ഞ വർഷം പൂർത്തിയാക്കി. മുൻ വർഷത്തേക്കാൾ 3 ശതമാനം അധികമാണിത്. പുതിയ ലൈസൻസുകൾക്ക് പുറമേ 162,762 ലൈസൻസ് പുതുക്കലും കഴിഞ്ഞ വർഷം നടന്നു. മുൻവർഷത്തേക്കാൾ 15 ശതമാനം അധികമാണിത്.