കെ മാര്‍ട്ടിന് മട്ടന്നൂരില്‍ തറക്കല്ലിട്ടു
1 min readസര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററാകും
കണ്ണൂര്‍: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ഏറ്റവും വലുതും ആധുനികവുമായ കണ്‍വന്‍ഷന്‍ കം എക്സിബിഷന്‍ സെന്‍റര്‍ “കെ-മാര്‍ട്ടിന്” മട്ടന്നൂരില്‍ തറക്കല്ലിട്ടു. സംസ്ഥാന വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചത്. കിന്‍ഫ്രയുടെ വെള്ളിയാം പറമ്പിലെ വ്യവസായ പാര്‍ക്കില്‍ 15 ഏക്കറിലാണ് 137.67 കോടി രൂപ ചെലവില്‍ ലോകോത്തര നിലവാരത്തിലുള്ള കണ്‍വന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നത്.
കിഫ്ബിയില്‍ നിന്ന് 102.67 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 35 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവഴിക്കുക. രാജ്യാന്തര നിലവാരത്തിലുള്ള സമ്മേളനങ്ങള്‍ നടത്താനുതകുന്ന രീതിയിലാണ് കണ്‍വന്‍ഷന്‍ സെന്‍റര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇന്ത്യയിലെയും വിവിധ വിദേശരാജ്യങ്ങളിലെയും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉദ്ദേശിച്ചാണ് എക്സിബിഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നത്. 193790 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ 3000ത്തോളം ആളുകളെ ഉള്‍ക്കൊള്ളാനാവുന്നതായിരിക്കും കണ്‍വെന്‍ഷന്‍ സെന്‍റര്‍.
ഒപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷന്‍ സെന്‍റര്‍, ഫുഡ് കോര്‍ട്ട്, എടിഎം സൗകര്യം, ബിസിനസ് ലോഞ്ച് ഡൈനിങ്ങ് ഏരിയ എന്നിവയും ഉണ്ടാകും. 39760 സ്ക്വയര്‍ഫീറ്റില്‍ മിനി കോണ്‍ഫറന്‍സ് ഹാളുകള്‍, 53820 സ്ക്വയര്‍ഫീറ്റുള്ള ഓപ്പണ്‍ എസ്സിബിഷന്‍ സെന്‍റര്‍ എന്നിവയും ഒരുക്കും. വാഹനപാര്‍ക്കിങ്ങ് സൗകര്യം, മലിനീകരണ നിയന്ത്രണ പ്ലാന്‍റ്, മഴവെള്ളസംഭരണി തുടങ്ങിയ സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളം തുറന്നിട്ട സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ സഹായകമാവും.