രണ്ടാം തരംഗം ബാധിച്ചു. ജൂണിലെ ജിഎസ്ടി സമാഹരണം 1 ലക്ഷം കോടിക്ക് താഴെ
1 min readതുടര്‍ച്ചയായി എട്ടുമാസം 1 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി സമാഹരണം രേഖപ്പെടുത്തിയ ശേഷമാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്
ന്യൂഡെല്‍ഹി: 2021 ജൂണ്‍ മാസത്തില്‍ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 92,849 കോടി രൂപയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതില്‍ സിജിഎസ്ടി 16,424 കോടി രൂപ, എസ്ജിഎസ്ടി 20,397 കോടി രൂപ, ഐജിഎസ്ടി 49,079 കോടി രൂപ (ചരക്ക് ഇറക്കുമതിക്കായി ശേഖരിച്ച 25,762 കോടി രൂപ ഉള്‍പ്പെടെ), സെസ് 6,949 രൂപ കോടി (ചരക്ക് ഇറക്കുമതിക്കായി സ്വരൂപിച്ച 809 കോടി രൂപ ഉള്‍പ്പെടെ). എന്നിങ്ങനെയാണ് കണക്ക്. തുടര്‍ച്ചയായി എട്ടുമാസം 1 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി സമാഹരണം രേഖപ്പെടുത്തിയ ശേഷമാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്.
ജൂണ്‍ 5 മുതല്‍ ജൂലൈ 5 വരെയുള്ള കാലയളവിലെ ജിഎസ്ടി സമാഹരണം ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നു. നികുതിദായകര്‍ക്ക് ഇക്കാലയളവില്‍ നിരവധി ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കപ്പെട്ടിരുന്നു. 5 കോടി രൂപ വരെ മൊത്തം വിറ്റുവരവുള്ള സംരംഭങ്ങള്‍ക്ക് ജൂണ്‍ 21 അവസാന തീയതി കഴിഞ്ഞും 15 ദിവസം കൂടി റിട്ടേണ്‍ ഫയലിംഗ് പിഴ കൂടാതെ നടത്താനാണ് കോവിഡ് 19 രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ അനുവദിച്ചിരുന്നു.
ഈ മാസത്തില്‍ ഐജിഎസ്ടിയില്‍ നിന്ന് സിജിഎസ്ടിക്ക് 19,286 കോടി രൂപയും എസ്ജിഎസ്ടിക്ക് 16,939 കോടി രൂപയും സ്ഥിരമായി വീതംവെക്കലിന്‍റെ ഭാഗമായി ലഭിക്കും. 2021 ജൂണ്‍ മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 2 ശതമാനം കൂടുതലാണ്.
ജൂണിലെ ജിഎസ്ടി സമാഹരണം പ്രധാനമായും മേയിലെ ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. മേയില്‍ മിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോവിഡ് 19 രണ്ടാം തരംഗം കാരണം പൂര്‍ണമായോ ഭാഗികമായോ ലോക്ക്ഡൗണിലേക്ക് പോയിരുന്നു. 2021 മേയിലെ ഇ-വേ ബില്‍ ഡാറ്റ കാണിക്കുന്നത്, ഈ മാസത്തില്‍ 3.99 കോടി ഇ-വേ ബില്ലുകള്‍ സൃഷ്ടിക്കപ്പെട്ടതായാണ്. ഏപ്രില്‍ മാസത്തില്‍ ഇത് 5.88 കോടിയായിരുന്നു. 30 ശതമാനത്തിലധികം കുറവാണ് ഏപ്രിലില്‍ ഉണ്ടായത്.
കൊറോണ കേസുകള്‍ കുറഞ്ഞതിന്‍റെയും ലോക്ക്ഡൗണുകള്‍ ലഘൂകരിക്കപ്പെട്ടതിന്‍റെയും ഫലമായി, ജൂണില്‍ സൃഷ്ടിക്കപ്പെട്ട ഇ-വേ ബില്ലുകളുടെ എണ്ണം 5.5 കോടി ആണ്. ഇത് വ്യാപാരത്തിന്‍റെയും ബിസിനസ്സിന്‍റെയും വീണ്ടെടുക്കല്‍ സൂചിപ്പിക്കുന്നു. അതിനാല്‍, ജിഎസ്ടി വരുമാനം ജൂണ്‍ മാസത്തില്‍ കുറഞ്ഞുവെങ്കിലും വരുമാനം 2021 ജൂലൈ മുതല്‍ വീണ്ടും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.