യുഎസിലെ തൊഴില്‍ വളര്‍ച്ചയ്ക്ക് സമയമെടുക്കും
1 min readസാമ്പത്തിക വീണ്ടെടുപ്പില്‍ വാക്സിനേഷന്‍റെ വിജയവും നിര്‍ണായകമാകും
വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ജോ ബിഡന്‍ അവതരിപ്പിച്ച പാക്കേജ് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന്‍റെ കൂടി ഉണര്‍വില്‍ യുഎസ് സമ്പദ്വ്യവസ്ഥ ഒരു വര്‍ഷത്തിനുള്ളില്‍ പ്രീ-കോവിഡ് 19 തലത്തിലേക്ക് എത്തുമെന്ന് റോയിട്ടേഴ്സ് സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധരുടെ നിഗമനം. എന്നാല്‍ തൊഴിലില്ലായ്മ 2020ന്‍റെ തുടക്കത്തിലുള്ള തലത്തിലേക്ക് കുറയാന്‍ ഒരു വര്‍ഷത്തില്‍ അധികം വേണ്ടിവരുമെന്നും വിലയിരുത്തപ്പെടുന്നു.
120 ഓളം സാമ്പത്തിക വിദഗ്ധര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ഭൂരിപക്ഷവും 1.9 ട്രില്യണ്‍ ഡോളറിന്‍റെ ഉത്തേജക പാക്കേജ് വീണ്ടെടുക്കലിനുള്ള ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ യുഎസ് സമ്പദ്വ്യവസ്ഥ കോവിഡ് -19 ന് മുമ്പുള്ള നിലവാരത്തിലെത്തും എന്നാണ് അതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ച 56 സാമ്പത്തിക വിദഗ്ധരില്‍ 51 പേര്‍ പറഞ്ഞത്. 23 പേര്‍ ആറുമാസത്തിനുള്ളില്‍ തന്നെ പൂര്‍ണമായ വീണ്ടെടുപ്പ് പ്രതീക്ഷിക്കുന്നു
‘സാമ്പത്തിക വീണ്ടെടുക്കലിനോടുള്ള ശുഭാപ്തിവിശ്വാസം ഭാവിയിലെ വളര്‍ച്ചയിലും പണപ്പെരുപ്പത്തിലും പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സാമ്പത്തിക പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് നിര്‍ണയിക്കുന്നതില്‍ വാക്സിന്‍ വിന്യാസത്തിന്‍റെ വിജയവും അതിന്‍റെ ഫലപ്രാപ്തിയും വളരെ വലുതായിരിക്കും,’ ടിഡി ബാങ്ക് ഗ്രൂപ്പിലെ ചീഫ് ഇക്കണോമിസ്റ്റ് ബീറ്റ കാരഞ്ചി പറഞ്ഞു.