November 10, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിസിസിയിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടുകളുടെ കരുതല്‍ ശേഖരം കുറയുന്നു

1 min read
കോവിഡ്-19 പകര്‍ച്ചവ്യാധിയും എണ്ണവിലത്തകര്‍ച്ചയും മൂലം വരുമാനം ഇടിഞ്ഞ ജിസിസി സമ്പദ് വ്യവസ്ഥകള്‍ ഫണ്ടിംഗ് ആവശ്യങ്ങള്‍ക്കായി സോവറീന്‍ വെല്‍ത്ത് ഫണ്ടുകളെ വ്യാപകമായി ആശ്രയിച്ചതോടെ ഇവയുടെ ആസ്തികളിലും കരുതല്‍ ശേഖരത്തിലും ഇടിവുണ്ടായെന്ന് മൂഡീസ് റിപ്പോര്‍ട്ട്

ദുബായ്: പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള എണ്ണവിലത്തകര്‍ച്ച മൂലം ജിസിസി രാജ്യങ്ങളുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടുകളില്‍ നിന്ന് വലിയ തുക സമ്പദ് വ്യവസ്ഥകളിലേക്ക് ഒഴുക്കേണ്ടി വന്നെന്നും ഇത് അവയുടെ കരുതല്‍ ശേഖരത്തില്‍ ഇടിവുണ്ടാക്കിയെന്നും റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്.

എണ്ണ ഉപഭോഗത്തിലും വിലയിലും കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഉണ്ടാക്കിയ ആഘാതം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മേഖലയിലുള്ള പരമാധികാര രാഷ്ട്രങ്ങളുടെ ഫണ്ടിംഗ് ആവശ്യകതകള്‍ വലിയ തോതില്‍ ഉയരാനിടയാക്കിയെന്നും സോവറീന്‍ വെല്‍ത്ത് ഫണ്ട് ആസ്തികളില്‍ നിന്നും ഫണ്ടിംഗ് കണ്ടത്തേണ്ട അവസ്ഥ ഇതുമൂലം ഉണ്ടായെന്നുമാണ് മൂഡീസ് വ്യക്തമാക്കിയത്.

വ്യോമയാനമടക്കമുള്ള മേഖലകളില്‍ ദീര്‍ഘകാലം എണ്ണയുടെ ആവശ്യകതയില്‍ ഇടിവുണ്ടാകാന്‍ ഇടയുള്ളതിനാല്‍ എണ്ണവില കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തേക്കാളും താഴെയായിരിക്കാനാണ് സാധ്യതയെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു. ചിലവിടലിലും എണ്ണ-ഇതര വരുമാനത്തിലും ചില ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെങ്കിലും എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാകുന്നത് ബജറ്റ് കമ്മി നിരന്തരമായി ഉയരാന്‍ കാരണമാകുമെന്ന് മൂഡീസിലെ സോവറീന്‍ റിസ്‌ക് ഗ്രൂപ്പ് അനലിസ്റ്റായ തഡ്ഡിയെസ് ബെസ്റ്റ് പറഞ്ഞു.

  ശ്രദ്ധേയമായി ഡബ്ല്യുടിഎം കേരള ടൂറിസം പവലിയന്‍

യുഎഇയും ഖത്തറും പിടിച്ചുനില്‍ക്കും

ദശാബ്ദങ്ങളോളം ബജറ്റ് കമ്മി നിലവിലെ അവസ്ഥയില്‍ പിടിച്ചുനിര്‍ത്താന്‍ ഖത്തറിലെയും യുഎഇയിലെയും സോവറീന്‍ വെല്‍ത്ത് ഫണ്ട് ആസ്തികള്‍ക്ക് കഴിയുമെന്ന് മൂഡീസ് നിരീക്ഷിച്ചു. എന്നാല്‍ താരതമ്യേന മിതമായ സോവറീന്‍ വെല്‍ത്ത് ഫണ്ട് ആസ്തികളുള്ള ഒമാനിലും സൗദി അറേബ്യയിലും സോവറീന്‍ വെല്‍ത്ത് ഫണ്ട് ആസ്തികള്‍ രാജ്യത്തിന്റെ ധനകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഫണ്ടുകളുടെ കരുതല്‍ ശേഖരത്തെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കും. ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒമാനെ സംബന്ധിച്ചെടുത്തോളം ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കുവൈറ്റിലെ ഉയര്‍ന്ന ധന കമ്മി ജനറല്‍ റിസര്‍വ്വ് ഫണ്ടിലെ ധനശേഖരത്തില്‍ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്. വായ്പ നിയമത്തിന്റെ അഭാവത്തില്‍ പണലഭ്യതയ്ക്ക് വലിയ ഭീഷണിയാണ് ഇതുയര്‍ത്തുന്നത്. കുവൈറ്റിലെ ഫ്യൂച്ചര്‍ ജനറേഷന്‍സ് ഫണ്ടിന് കാര്യമായ ആസ്തികള്‍ ഉണ്ടെങ്കിലും പൊതു ബജറ്റില്‍ ഈ ഫണ്ടില്‍ നിന്നുള്ള ആസ്തികള്‍ ഉപയോഗിക്കാറില്ല.

  ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ച്

 

സോവറീന്‍ വെല്‍ത്ത് ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുറയും

ഫണ്ടിംഗ് ആവശ്യകതകള്‍ക്കായി സര്‍ക്കാരുകള്‍ സോവറീന്‍ വെല്‍ത്ത് ഫണ്ടുകളെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തില്‍, എണ്ണവിലത്തകര്‍ച്ച മൂലം ജിസിസിയിലെ േേസാവറീന്‍ വെല്‍ത്ത് ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് കുറയുമെന്ന് മൂഡീസ് പറയുന്നു.

അധികമായി വരുന്ന എണ്ണ വരുമാനമാണ് ഇവിടങ്ങളിലെ സോവറീന്‍ വെല്‍ത്ത് ഫണ്ടുകളിലേക്ക് എത്തുന്നത്. സൗദി അറേബ്യയിലെയും ഒമാനിലെയും യുഎഇയിലെയും വര്‍ധിച്ച ധനക്കമ്മി മൂലം സോവറീന്‍ വെല്‍ത്ത് ഫണ്ടുകളിലേക്ക് നീക്കിവെക്കുന്നതിനായി വരുമാനത്തില്‍ ഒന്നും ബാക്കിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

ബജറ്റില്‍ മിച്ചം വരുന്ന തുകയാണ് മേഖലയിലെ ഭൂരിഭാഗം സോവറീന്‍ വെല്‍ത്ത് ഫണ്ടുകളിലേക്കും എത്തുന്നത് എന്നതിനാല്‍ കൃത്യമായ ഇടവേളകളിലല്ല ഇവയിലേക്ക് പണമെത്തുന്നത്. എന്നാല്‍ ഒമാനില്‍ എണ്ണയുല്‍പ്പാദനത്തിലെ 20,000 ബാരല്‍ എണ്ണയുടെ വില എല്ലാ ദിവസവും പെട്രോളിയം റിസര്‍വ് ഫണ്ടിലേക്ക് എത്തുന്നുണ്ട്. മാത്രമല്ല ബാരലിന് 65 ബാരലിന് മുകളില്‍ വില പോകുമ്പോള്‍ ആ തുകയും സോവറീന്‍ വെല്‍ത്ത് ഫണ്ടിലേക്ക് നീക്കിവെക്കണമെന്നാണ് ഒമാനിലെ ചട്ടം. സെന്‍ട്രല്‍ ബാങ്കിന്റെ കരുതല്‍ ശേഖരത്തിന്റെ ഭാഗമായാണ് പിആര്‍എഫ് കൈകാര്യം ചെയ്യുന്നത്. 2019 അവസാനം വരെയുള്ള കണക്കനുസരിച്ച് 2.9 ബില്യണ്‍ ഡോളറാണ് പിആര്‍എഫിന്റെ മൂല്യം. സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഐപിഒയില്‍ നിന്ന് ലഭിച്ച തുക (25 ബില്യണ്‍ ഡോളര്‍) സോവറീന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫിലേക്കാണ് എത്തിയത്. സാബികിലെ ഓഹരികള്‍ അരാംകോയ്ക്ക് വില്‍ക്കുന്നതിലൂടെ 69 ബില്യണ്‍ ഡോളറും വരുംവര്‍ഷങ്ങളില്‍ പിഐഎഫിലേക്ക് എത്തിച്ചേരും. മാത്രമല്ല, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സൗദി കേന്ദ്രബാങ്കായ സമ 40 ബില്യണ്‍ ഡോളര്‍ പിഐഎഫിലേക്ക് നീക്കിവെച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

  ടാറ്റാ ഇന്ത്യ ഇന്നൊവേഷന്‍ ഫണ്ട്

 

ഒമാനിലെ സ്ഥിതി മോശമാകും

ജിസിസയിലെ ഭൂരിഭാഗം രാഷ്ട്രങ്ങള്‍ക്കും കരുതല്‍ ധന ശേഖരം കൊണ്ട് സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുമെങ്കിലും ബജറ്റ് കമ്മിക്കൊപ്പം കറന്റ് അക്കൗണ്ട് കമ്മിയും നേരിടുന്ന ഒമാനില്‍ അന്തര്‍ദേശീയ കരുതല്‍ ശേഖരത്തിലും സോവറീന്‍ ആസ്തികളിലും ഇടിവുണ്ടാകും. ഇത് ഇടക്കാലത്ത് രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ കാരണമാകും. സോവറീന്‍ വെല്‍ത്ത് ഫണ്ട് ആസ്തിയില്‍ ഇടിവുണ്ടാകുന്നത് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഇരട്ടിയാക്കുമെന്നും ഇത് കറന്‍സി മൂല്യത്തെ ബാധിക്കുമെന്നും മൂഡീസ് പറഞ്ഞു.

Maintained By : Studio3