ഐപിഎല്‍ ഏപ്രില്‍ 9ന് തുടങ്ങാന്‍ ധാരണ, പ്രഖ്യാപനം ഉടന്‍
അടുത്തയാഴ്ച ബിസിസിഐ ഗവേണിംഗ് കൗണ്‍സില്‍ ചേര്‍ന്നേക്കും
ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (ഐപിഎല്‍) 2021 പതിപ്പ് ഏപ്രില്‍ 9 മുതല്‍ മെയ് 30 വരെ നടത്തുന്നതിന് ഏറക്കുറെ ധാരണയായതായി റിപ്പോര്‍ട്ട്. ബിസിസിഐ ഗവേണിംഗ് കൗണ്‍സിലിന്‍റെ (ജിസി) അംഗീകാരത്തിന് വിധേയമായാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കുത ലീഗിന്‍റെ പതിനാലാം പതിപ്പിനുള്ള വേദികള്‍ തീരുമാനിക്കുന്നതിനുള്ള സുപ്രധാന ജിസി യോഗത്തിന്‍റെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല. എങ്കിലും അടുത്തയാഴ്ച ഇത് നടക്കാനാണ് സാധ്യത.
ജിസി യോഗത്തില്‍ അന്തിമ അംഗീകാരം നല്‍കുമെന്നും ഏപ്രില്‍ ഒന്‍പതിന് ലീഗ് ആരംഭിക്കുമെന്നും അടുത്തയാഴ്ച വേദികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ചില ജിസി അംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിന്‍റെ 2021 പതിപ്പ് ഒരു നഗരത്തില്‍ മാത്രമായി നടത്തുകയെന്ന ആദ്യ ചിന്തയില്‍ നിന്നു മാറി നാലോ അഞ്ചോ നഗരങ്ങളില്‍ ലീഗ് കളിക്കാനുള്ള സാധ്യതകളാണ് ബിസിസിഐ ഇപ്പോള്‍ പരിശോധിക്കുന്നത്.
വേദികള്‍ വര്‍ധിക്കുന്നതിലൂടെ കൂടുതല്‍ ആരാധകരിലേക്ക് എത്തിക്കുക എന്നതാണ് ഉദ്ദേശ്യം. കാലാവസ്ഥാ സാഹചര്യങ്ങളും പകര്‍ച്ച വ്യാധി സാഹചര്യങ്ങളും ലോജിസ്റ്റിക്സ് സാധ്യതയും വേദികള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. പങ്കെടുക്കുന്നവരുടെ ആരോഗ്യത്തിന് പ്രാഥമിക പരിഗണന നല്‍കുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥര്‍ പറയുന്നു.
മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവയാണ് ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ട ചില നഗരങ്ങള്‍. ഫ്രാഞ്ചൈസികളും ഒന്നില്‍ കൂടുതല്‍ നഗരങ്ങളില്‍ ലീഗ് നടത്താമെന്ന ആശയത്തോട് യോജിപ്പാണ് പ്രകടിപ്പിക്കുന്നത്. കാരണം കോവിഡ് 19 സാഹചര്യം പരിഗണിച്ച് വേദികള്‍ മാറ്റേണ്ടി വന്നാല്‍ ഈ നീക്കം സൗകര്യപ്രദമാകും എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.