ആര്‍ബിഐ പറയുന്നു അനിശ്ചിതത്വമുണ്ട്, എന്നാല്‍ ഒന്നാം തരംഗത്തിലെ പോലെ തകര്‍ന്നിട്ടില്ല സമ്പദ് വ്യവസ്ഥ
1 min read- സ്വകാര്യ മേഖലയില്‍ ആവശ്യകത കൂടണമെന്ന് കേന്ദ്ര ബാങ്ക്
- നിക്ഷേപം കൂടിയാലേ തിരിച്ചുവരവ് വേഗത്തിലാകൂ
മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒന്നാം തരംഗത്തിലെ പോലെ തകര്‍ന്നടിഞ്ഞിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അനിശ്ചിതത്വങ്ങള്‍ തീര്‍ച്ചയായും ഉണ്ടെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കി. ഇത് ഹ്രസ്വകാലത്തേക്ക് തിരിച്ചടികള്‍ സമ്മാനിക്കും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് സ്വകാര്യ മേഖലയില്‍ ആവശ്യകത വര്‍ധിക്കണമെന്നും ആര്‍ബിഐ വ്യാഴാഴ്ച്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ ഭാഗമായുള്ള വൈറസ് വ്യാപനം എത്രയും വേഗത്തില്‍ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കാകുന്നുവോ അത്രയും വളര്‍ച്ചാസാധ്യതകള്‍ മെച്ചപ്പെടുമെന്ന് കേന്ദ്ര ബാങ്ക് പറയുന്നു.
സ്വയം പര്യാപ്തമായ വളര്‍ച്ചയിലേക്ക് രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം എത്തണമെങ്കില്‍ സ്വകാര്യ ഉപഭോഗം വര്‍ധിക്കണം. നിക്ഷേപ ആവശ്യകതയും വലിയ തോതില്‍ കൂടണം. ഇത് രണ്ടുമാണ് ജിഡിപിയുടെ 85 ശതമാനത്തേയും സ്വാധീനിക്കുന്നത്-ആര്‍ബിഐ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിക്ഷേപ അധിഷ്ഠിത തിരിച്ചുവരവാണ് സുസ്ഥിര വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുകയെന്നും ആര്‍ബിഐ പറയുന്നു. ഉപഭോഗത്തില്‍ വലിയ തോതില്‍ വര്‍ധനവുണ്ടാക്കാനും ഇതിന് സാധിക്കുമെന്ന് ആര്‍ബിഐ പറയുന്നു.
2021ല്‍ ആര്‍ബിഐയുടെ ബാലന്‍ഷ് ഷീറ്റില്‍ 6.99 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബാങ്കിന്‍റെ വരുമാനത്തില്‍ 10.96 ശതമാനം കുറവ് സംഭവിച്ചു. ചെലവിടലിലും കുറവുണ്ടായി, 63.10 ശതമാനം. വിദേശ വിനിമയ വ്യാപാരത്തിലൂടെ ബാങ്ക് നേടിയ അറ്റാദായം 506.29 ബില്യണ്‍ രൂപയാണ്.