ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മെയ് 1-ന് നിലവിൽ വരും

ന്യൂ ഡൽഹി: ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1-ന് നിലവിൽ വരും, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ വ്യക്തമാക്കി. തിങ്കളാഴ്ച ദുബായിൽ നടന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ഇന്ത്യ-യുഎഇ, ബിസിനസ്-ടു-ബിസിനസ് (B2B) മീറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുഎഇ വിദേശ വ്യാപാര സഹമന്ത്രി എച്ച്. ഇ. താനി അൽ സെയൂദി ചടങ്ങിൽ സംബന്ധിച്ചു. ആഫ്രിക്ക, GCC രാജ്യങ്ങൾ, പശ്ചിമേഷ്യന്‍ രാജ്യങ്ങൾ, CIS രാജ്യങ്ങൾ, ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്കുള്ള കവാടമായാണ് ഇന്ത്യ യുഎഇയെ നോക്കിക്കാണുന്നതെന്ന് ശ്രീ ഗോയൽ പറഞ്ഞു.
88 ദിവസമെന്ന റെക്കോർഡ് സമയത്തിനുള്ളിൽ വ്യാപാര ഉടമ്പടി ഒപ്പു വച്ചതുൾപ്പെടെ പല മേന്മകളും, ചരക്ക് വ്യാപാരവും സേവനങ്ങളും ഉൾക്കൊള്ളുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് അവകാശപ്പെടാനുണ്ടെന്ന് ശ്രീ ഗോയൽ വ്യക്തമാക്കി. 2030-ഓടെ 1 ട്രില്യൺ ഡോളർ ചരക്ക് കയറ്റുമതി കൈവരിക്കാൻ ഉദ്ദേശിക്കുന്നതിനാൽ യുഎഇ വിപണിയിൽ വലിയൊരു വിഹിതം ഇന്ത്യ ലക്ഷ്യമിടുന്നതായി ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യം, നിർമ്മാണം, ലോജിസ്റ്റിക് എന്നീ മേഖലകളിൽ നിക്ഷേപം നടത്താനുള്ള താൽപര്യം സംബന്ധിച്ച് യുഎഇ പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീ ഗോയൽ പറഞ്ഞു.