ജീവിതശൈലി രോഗങ്ങള്‍ തടയാനുള്ള ഉദ്യമങ്ങളില്‍ ഇന്ത്യ മുന്‍നിരയില്‍: പ്രധാനമന്ത്രി
1 min readനോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് (എന്‍സിഡി) മൂലമുള്ള അകാല മരണങ്ങള്‍ കുറയ്ക്കുന്നതില്‍ ഇന്ത്യ കൈവരിച്ച നേട്ടത്തിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം
ന്യൂഡെല്‍ഹി: ജീവിതശൈലി രോഗങ്ങള്‍ അഥവാ നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് (എന്‍സിഡി അല്ലെങ്കില്‍ പകരാത്ത രോഗങ്ങള്‍) തടയാനുള്ള ഉദ്യമങ്ങളില്‍ ഇന്ത്യ മുന്‍ നിരയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍സിഡി മൂലമുള്ള അകാല മരണങ്ങള്‍ കുറയ്ക്കുന്നതില്‍ ഇന്ത്യ കൈവരിച്ച നിര്‍ണായക നേട്ടത്തെ യുഎന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് (യൂണിടര്‍) അഭിനന്ദിച്ചതിന് പിന്നാലെയാണ് ഈ രംഗത്തെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്ത്പറഞ്ഞ് പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത്.
എന്‍സിഡി ചെറുക്കുന്നതിലും ആരോഗ്യക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള ഉദ്യമങ്ങളില്‍ ലോകത്തില്‍ ഇന്ത്യ മുന്‍നിരയിലാണെന്ന് യൂണിടര്‍ അംഗീകാരത്തിന് നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. യൂണിടറിന്റെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും ലോകാരോഗ്യത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ എഴുതി.
സാധാരണയായി കണ്ടുവരുന്ന എന്‍സിഡികളുടെ പ്രതിരോധത്തിനും നിര്‍മാര്‍ജനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ നാഷണല്‍ മള്‍ട്ടിസെക്ടറല്‍ ആക്ഷന്‍ പ്ലാന്‍ (എന്‍എംഎപി) നയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ യുണിടര്‍ ഇന്ത്യയുടെ സഹകരണം തേടിയിട്ടുണ്ട്. എന്‍സിഡി നിര്‍മാര്‍ജനത്തില്‍ ഇന്ത്യ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയതായും ഈ രംഗത്ത് ഇന്ത്യ നേടിയ പുരോഗതിക്ക് യുഎന്‍ അംഗീകാരം ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്‍ദം ബഗ്ച്ചിയും ട്വീറ്റ് ചെയ്തു. എന്‍സിഡി വാക്‌സിനുകളുടെയും മരുന്നുകളുടെയും നിര്‍മാണത്തില്‍ ലോകരാജ്യങ്ങള്‍ക്കിടെ ഇന്ത്യയ്ക്കുള്ള നേതൃപദവി ഈ രോഗങ്ങള്‍്‌ക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലെത്താന്‍ ഇന്ത്യയെ സഹായിച്ചതായും ബാഗ്ച്ചി പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ ആഗോള ആരോഗ്യ നിരീക്ഷണ സമിതിയുടെ കണക്കനുസരിച്ച് 2015നും 2019നും ഇടയില്‍ എന്‍സിഡി മൂലമുള്ള അകാല മരണ നിരക്ക് ഒരുലക്ഷം പേരില്‍ 503 എന്നതില്‍ നിന്നും 490 ആയി കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഗ്രാമീണമേഖലകളില്‍ വിറകടുപ്പിന് പകരം എല്‍പിജി ലഭ്യമാക്കിയതിലൂടെ വീട്ടിനുള്ളിലെ മലിനീകരണം കുറയ്ക്കാനായെന്നും അത് അര്‍ബുദത്തിനും മറ്റ് ഗുരുതര ശ്വാസകോശ രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറച്ചതായും ബാഗ്ച്ചി അഭിപ്രായപ്പെട്ടു. യോഗ പോലുള്ള ജീവിത ശീലങ്ങളിലൂടെ മികച്ച ജീവിതചര്യ ഇന്ത്യ ലോകമെമ്പാടും പ്രചരിച്ചുവെന്നും ബാഗ്ച്ചി അവകാശപ്പെട്ടു.
രാജ്യത്ത് അഞ്ച് കോടിയിലധികം പേര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു
കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ മറ്റൊരു നിര്‍ണായക നേട്ടവുമായി ഇന്ത്യ. രാജ്യത്ത് കൊറോണ വൈറസിനെതിരായ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അഞ്ചുകോടി പിന്നിട്ടു.
5,00,75,162 പേര്‍ ഇന്ത്യയില്‍ കോവിഡ്-19 വാക്‌സിന്‍ എടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 79,03,068 പേര്‍ വാക്‌സിന്റെ ഒരു ഡോസ് എടുത്ത ആരോഗ്യ പ്രവര്‍ത്തകരും 50,09,252 പേര്‍ രണ്ട് ഡോസും എടുത്ത ആരോഗ്യ പ്രവര്‍ത്തകരുമാണ്. 83,33,713 മുന്‍നിര പോരാളികള്‍ വാക്‌സിന്റെ ആദ്യ ഡോസും 30,60,060 പേര്‍ രണ്ടാമത്തെ ഡോസും എടുത്തു. അറുപത് വയസിന് മുകളില്‍ പ്രായമുള്ള 2,12,03,700 പേരാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡിനെതിരെ വാക്‌സിന്‍ എടുത്തത്. ഗുരുതരമായ അസുഖങ്ങളുള്ള 45 വയസിന് മുകളില്‍ പ്രായമുള്ള 45,65,369 പേരും വാക്‌സിന്‍ സ്വീകരിച്ചു.
ജനുവരി പതിനാറിനാണ് ഇന്ത്യയില്‍ കോവിഡ്-19നെതിരായ വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ മാത്രമായിരുന്നു വാക്‌സിനേഷന്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഫെബ്രുവരി ഒന്നിന് ആരംഭിച്ച രണ്ടാംഘട്ടത്തില്‍ മുന്‍നിര പോരാളികള്‍െക്കും മാര്‍ച്ചില്‍ ആരംഭിച്ച മൂന്നാംഘട്ടത്തില്‍ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര അസുഖങ്ങള്‍ ഉള്ള നാല്‍പ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിനേഷന്‍ ആരംഭിച്ചു. ഏപ്രില്‍ ആദ്യവാരം മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം രാജ്യത്ത് കോവിഡ്-19 കേസുകളിലെ വര്‍ധനവ് ക്രമാതീതമായി തുടരുന്നു. ബുധനാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടയില്‍ 47,262 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നാലര മാസത്തിന് ശേഷമുള്ള ഏറ്റവും കൂടിയ രോഗനിരക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പകര്‍ച്ചവ്യാധി ഏറ്റവും രൂക്ഷമായി തുടരുന്നത്. 24 മണിക്കൂറിനിടെ 275 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,60,441 ആയി ഉയര്‍ന്നു.