ഇന്‍റര്‍നെറ്റിനെ സാമ്രാജ്യത്വവല്‍ക്കരിക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ്
1 min readചുരുക്കം ചില കമ്പനികള്‍ മാത്രം നേട്ടം കൊയ്യേണ്ടെന്ന് സൂചന
ന്യൂഡെല്‍ഹി: ഇന്‍റര്‍നെറ്റ് ലോകത്ത് സാമ്രാജ്യത്വം കെട്ടിപ്പടുക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്ന് കേന്ദ്ര കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എതിരഭിപ്രായങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ ജി സി ചന്ദ്രശേഖറാണ് ക്ലൈമറ്റ് ആക്റ്റിവിസ്റ്റ് ദിശ രവിയുടെ ടൂള്‍കിറ്റ് ഡോക്യുമെന്‍റ് കേസ് ഉയര്‍ത്തിക്കാട്ടി ചോദ്യം ഉന്നയിച്ചത്. 140 കോടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഉള്ളതില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും ലിങ്ക്ഡ്ഇന്‍, വാട്സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയ്ക്കെല്ലാം ഇന്ത്യയില്‍ സ്വതന്ത്രമായി ബിസിനസ് ചെയ്യാമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാരെ ശാക്തീകരിക്കുന്നതിന് അവര്‍ക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
എതിരഭിപ്രായങ്ങളെയും യോജിപ്പില്ലായ്മയെയും എല്ലാം സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ചല്ല ഇവിടുത്തെ പ്രശ്നം. അതിന്‍റെ ദുരുപയോഗത്തെ കുറിച്ചാണ്-അദ്ദേഹം പറഞ്ഞു.
മനുഷ്യന്‍റെ ഏറ്റവും ശക്തമായ കണ്ടെത്തലുകളിലൊന്നാണ് ഇന്‍റര്‍നെറ്റ്. എന്നാല്‍ ഏതാനും ചിലരുടെ കുത്തക മാത്രമായി അത് മാറരുതെന്നും മന്ത്രി പറഞ്ഞു.