ഹ്യുണ്ടായ് അല്‍ക്കസര്‍ പ്രീ ബുക്കിംഗ് ആരംഭിച്ചു
രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവിയുടെ 7 സീറ്റര്‍ വേര്‍ഷനാണ് ഹ്യുണ്ടായ് അല്‍ക്കസര്‍
ന്യൂഡെല്‍ഹി: ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ പ്രീ ബുക്കിംഗ് ഇന്ത്യയില്‍ ഔദ്യോഗികമായി ആരംഭിച്ചു. 25,000 രൂപയാണ് ബുക്കിംഗ് തുക. രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ എസ്‌യുവിയുടെ 7 സീറ്റര്‍ വേര്‍ഷനാണ് ഹ്യുണ്ടായ് അല്‍ക്കസര്‍. മൂന്ന് നിരകളിലായി 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ എസ്‌യുവി ലഭിക്കും. കൊവിഡ് കാലത്ത് തുറന്നിരിക്കുന്ന ഡീലര്‍ഷിപ്പുകളിലോ അല്ലെങ്കില്‍ കമ്പനിയുടെ ‘ക്ലിക്ക് ടു ബൈ’ വെബ്‌സൈറ്റിലോ ഹ്യുണ്ടായ് അല്‍ക്കസര്‍ ബുക്ക് ചെയ്യാം.
അതേസമയം, ലോഞ്ച് സംബന്ധിച്ച വിശദാംശങ്ങള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വെളിപ്പെടുത്തിയില്ല. എന്നാല്‍ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം 7 സീറ്റര്‍ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വില്‍പ്പന, വിപണന, സര്‍വീസ് വിഭാഗം ഡയറക്റ്റര്‍ തരുണ്‍ ഗാര്‍ഗ് പ്രസ്താവിച്ചു.
159 എച്ച്പി കരുത്ത്, 192 എന്‍എം ടോര്‍ക്ക് പരമാവധി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, 115 എച്ച്പി കരുത്ത്, 250 എന്‍എം ടോര്‍ക്ക് പരമാവധി പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. ഹ്യുണ്ടായ് ഇലാന്‍ട്ര, ടൂസോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നതാണ് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനെങ്കിലും കൂടുതല്‍ കരുത്ത്, വര്‍ധിത പെര്‍ഫോമന്‍സ് എന്നിവ ലഭിക്കുന്നതിനായി ട്യൂണ്‍ ചെയ്തിരിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ ഉപയോഗിക്കുന്നതാണ് 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് രണ്ട് പവര്‍ട്രെയ്‌നുകളുടെയും സ്റ്റാന്‍ഡേഡ് കൂട്ട്. ഓപ്ഷണലായി 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കും.
ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ നീളം, വീതി എന്നിവ യഥാക്രമം 4,330 എംഎം, 1,790 എംഎം എന്നിങ്ങനെയാണ്. 2,760 മില്ലിമീറ്ററാണ് വീല്‍ബേസ്. ക്രെറ്റയേക്കാള്‍ 150 എംഎം കൂടുതല്‍. ഹ്യുണ്ടായ് അല്‍ക്കസര്‍ എസ്‌യുവിയുടെ എക്‌സ് ഷോറൂം വില 11 ലക്ഷം മുതല്‍ 19 ലക്ഷം രൂപ വരെ പ്രതീക്ഷിക്കുന്നു. ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നിവയായിരിക്കും എതിരാളികള്‍.