September 26, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോംസ്റ്റേകൾ ടൂറിസം വികസനത്തിന്റെ പുതിയ മാതൃകകളാവുന്നു

1 min read

കൊച്ചി: കേരള ട്രാവൽ മാർട്ടില്‍ (കെടിഎം) സംസ്ഥാനത്തെ ടൂറിസം വികസനത്തിന്റെ പുതിയ സാധ്യതയായി വളരുകയാണ് ഹോംസ്റ്റേകൾ. പ്രാദേശിക സംസ്കാരം, ഭക്ഷണരീതികൾ, നിത്യജീവിതം എന്നിവ അടുത്തറിയാൻ അവസരമൊരുക്കുന്ന സമൂഹ-കേന്ദ്രീകൃത വാസസ്ഥലങ്ങളോടാണ് പുതുതലമുറ സഞ്ചാരികള്‍ക്ക ഏറെ താത്പര്യമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പരമ്പരാഗത ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഒപ്പം അനുഭവവേദ്യ യാത്രകൾ വാഗ്ദാനം ചെയ്യുന്ന ഹോംസ്റ്റേകൾ ഇത്തവണ മാർട്ടിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ആഭ്യന്തര-അന്തർദേശീയ ബയർമാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, വിൽപ്പനക്കാർക്ക് മികച്ച ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തിലെ പുതിയ ടൂറിസം കേന്ദ്രങ്ങളും നവീനഅനുഭവങ്ങളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോംസ്റ്റേ അസോസിയേഷന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിലവിൽ അംഗീകാരമുള്ള 1,800-ഓളം ഹോംസ്റ്റേകളും 48 സാമൂഹ്യാധിഷ്ഠിത കേന്ദ്രങ്ങളുമുണ്ട്. നാട്ടുകാര്‍ക്കൊപ്പം താമസിച്ച് അവരുടെ ജീവിതരീതികൾ കണ്ടറിയാൻ ഇത്തരം കേന്ദ്രങ്ങൾ അവസരമൊരുക്കുന്നുവെന്ന് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (ഹാറ്റ്സ്) ഐടി കൺവീനറും ടൂറിസം പ്രോജക്ട്സ് കോർഡിനേറ്ററുമായ റാഫേൽ ഹെർമിൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ അസോസിയേഷൻ ബ്രോഷറുകളും ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ അതിഥികൾക്ക് നേരിട്ട് ബുക്കിംഗ് സാധ്യമാക്കുന്നതും പ്രത്യേക പാക്കേജുകൾ ഒരുക്കുന്നതും മേഖലയുടെ സ്വീകാര്യത വർധിപ്പിക്കുന്നു. യുവാക്കളായ സഞ്ചാരികൾക്കിടയിലും ടെക്നോളജി പ്രൊഫഷണലുകൾക്കിടയിലും ഹോംസ്റ്റേകൾക്ക് വലിയ പ്രിയമാണ്. ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ആംസ് ഹോളിഡേയ്സ് പ്രതിനിധി അമിതാ കൺവിന്ദെ, ഡൽഹി ട്രാവൽ ഇന്‍-ലെ രവി കാലിയ, നൈജീരിയയിലെ അബിക്കി ട്രാവൽസ് ഉടമ അബിക്കെ ഒഡുനായ തുടങ്ങിയ പ്രമുഖ ടൂർ ഓപ്പറേറ്റർമാർ കേരളം മുന്നോട്ടുവെക്കുന്ന വ്യത്യസ്തമായ ഉൽപ്പന്നങ്ങളെയും കെടിഎമ്മിലെ മികച്ച ക്രമീകരണങ്ങളെയും പ്രശംസിച്ചു. ടൂറിസം വകുപ്പിൽ നിന്നുള്ള കാര്യക്ഷമമായ പിന്തുണയും വേഗത്തിലുള്ള സർട്ടിഫിക്കേഷൻ നടപടികളും തങ്ങൾക്ക് വലിയ സഹായമാണെന്ന് എറണാകുളം വരാപ്പുഴയിലെ ഹോംസ്റ്റേ സംരംഭകൻ ജെയ്‌മോൻ പറഞ്ഞു. അതോടൊപ്പം, കൃത്യമായ സർക്കാർ അംഗീകാരവും സൗകര്യങ്ങള്‍ക്കനുസരിച്ചുള്ള തരംതിരിവും ഉറപ്പാക്കണം. അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഹോംസ്റ്റേകൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത് തടയണമെന്നും സംരംഭകര്‍ ആവശ്യപ്പെട്ടു.

  അഞ്ച് വർഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകൾ ലക്ഷ്യം: മുഖ്യമന്ത്രി
Maintained By : Studio3