September 28, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാഹസിക വിനോദസഞ്ചാര രംഗത്ത് കേരളം മുന്നിൽ

1 min read

കൊച്ചി : ഇന്ത്യയിലെ സാഹസിക വിനോദസഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ഗോവയെ പിന്തള്ളി കേരളം മുന്നിലെത്തിയതായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്. കൊച്ചികേരള ട്രാവല്‍ മാര്‍ട്ടില്‍ (കെടിഎം-2026) സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഹബ്ബ് ഗോവയായിരുന്നു. എന്നാലിപ്പോള്‍ കേരളം ഗോവയെ മറികടന്നിരിക്കുന്നു. സഞ്ചാരികള്‍ക്കിടയില്‍ സാഹസിക വിനോദസഞ്ചാരം എന്നാല്‍ കേരളം എന്ന നിലയിലേക്ക് മാറിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളാണ് കരയിലും വെള്ളത്തിലും ആകാശത്തുമുള്ള വിവിധ സാഹസിക വിനോദങ്ങള്‍ക്ക് കേരളത്തെ അനുയോജ്യമാക്കുന്നത്. ട്രെക്കിംഗിന് അനുയോജ്യമായ പശ്ചിമഘട്ട മലനിരകള്‍, 44 നദികള്‍, നിരവധി ജലാശയങ്ങള്‍, ഡാമുകള്‍, 600 കിലോമീറ്റര്‍ നീളമുള്ള കടല്‍തീരം എന്നിവ കേരളത്തിന്റെ സ്വാഭാവിക മികവാണ്. സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് 2012 ല്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി രൂപീകരിച്ചത്. ഇതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാഗമണ്‍, വയനാട്, ഇടുക്കി തുടങ്ങിയ കേന്ദ്രങ്ങളെ കരയോടനുബന്ധിച്ചുള്ള സാഹസിക വിനോദങ്ങള്‍ക്കായി വികസിപ്പിച്ചെടുത്തു. കോവളം, വര്‍ക്കല, പയ്യമ്പലം, കോഴിക്കോട്, ബേക്കല്‍ തുടങ്ങിയ തീരദേശങ്ങള്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളായും ഉയര്‍ന്നുവന്നു. കൊല്ലത്തെ പരവൂര്‍ കയാക്കിംഗിന്റെ പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാഹസിക വിനോദസഞ്ചാര നയത്തില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി 2017-ല്‍ വിദഗ്ധ സമിതി രൂപീകരിച്ച് സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. 2019 ല്‍ നിയമനിര്‍മ്മാണത്തിലൂടെ സമഗ്രമായ അഡ്വഞ്ചര്‍ ടൂറിസം സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. നിലവില്‍ 150 ഓളം സാഹസിക വിനോദസഞ്ചാര യൂണിറ്റുകളെ രജിസ്‌ട്രേഷന്‍ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗ്ഗരേഖകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ടൂറിസം വകുപ്പ് രണ്ട് വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ നല്‍കുന്നു. ആഗോളതലത്തിലുള്ള പരിപാടികളിലൂടെ കേരളത്തിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിക്കൊടുക്കാന്‍ സംസ്ഥാനം ശ്രമിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വൈറ്റ്-വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പായ ‘മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍’ ഇതിനകം 12 പതിപ്പുകള്‍ പൂര്‍ത്തിയാക്കി. സാഹസിക വിനോദസഞ്ചാര കലണ്ടറിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നായിത് മാറി. കഴിഞ്ഞ വര്‍ഷം അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, ന്യൂസിലാന്‍ഡ് തുടങ്ങിയ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുത്തതായി അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പുലിക്കയത്ത് വിനോദസഞ്ചാര വകുപ്പ് ഒരു കയാക്കിംഗ് പരിശീലന കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വാഗമണ്ണിലെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍, വയനാട്ടിലെ മൗണ്ടന്‍ ടെറൈന്‍ ബൈക്കിംഗ് ഫെസ്റ്റിവല്‍ തുടങ്ങിയ പരിപാടികളും കേരളത്തിന്റെ സാഹസിക വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകിയിട്ടുണ്ട്. കേരളം എല്ലാത്തരം വിനോദങ്ങള്‍ക്കും അനുയോജ്യമാണ്. ഫെഡറേഷന്‍ എയറോനോട്ടിക് ഇന്റര്‍നാഷണലിന്റെ അംഗീകാരത്തോടെ വാഗമണ്ണില്‍ രണ്ട് തവണ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്. പൈലറ്റുമാര്‍ ഒരേ സ്ഥലത്തുനിന്ന് പറന്നുയരുകയും അവിടെത്തന്നെ തിരിച്ചിറങ്ങുകയും ചെയ്യുന്ന ‘ടോപ്പ്-ലാന്‍ഡിംഗ്’മത്സരമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. വര്‍ക്കലയില്‍ രണ്ട് തവണ അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് സാഹസിക കായിക വിനോദങ്ങള്‍ക്കുള്ള കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥയിലും കാറ്റിന്റെ ഗതിയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ പാരാഗ്ലൈഡിംഗിനെയും വേലിയേറ്റ-വേലിയിറക്കങ്ങളിലെ വ്യത്യാസങ്ങള്‍ സര്‍ഫിംഗിനെയും ബാധിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനവും പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവുമാണ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇത് പരിഹരിക്കാന്‍ കിറ്റ്‌സുമായി സഹകരിച്ച് വിദഗ്ധ പരിശീലനം നല്‍കി വരുന്നെന്നും അദ്ദേഹം പറഞ്ഞു. കാഴ്ചകള്‍ കാണുന്നതിനേക്കാള്‍ അനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സഞ്ചാരികളുടെ പുതിയ രീതി കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ കരുത്താകുന്നുവെന്ന് കേരള ഡെസ്റ്റിനേഷന്‍സ് കമ്പനി ഇന്‍ബൗണ്ട് മാനേജര്‍ മിഥുന്‍ സി.എന്‍ അഭിപ്രായപ്പെട്ടു.

  കേരളം അനുഭവവേദ്യ ടൂറിസത്തിന്റെ കേന്ദ്രമാവുന്നു
Maintained By : Studio3