കേരള ട്രാവൽ മാർട്ടിന് ഇന്ന് തുടക്കം
കൊച്ചി: ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ (കെ.ടി.എം 2026) പന്ത്രണ്ടാമത് പതിപ്പിന് ഇന്ന് (സെപ്റ്റംബർ 24, വ്യാഴം) കൊച്ചിയിൽ തുടക്കമാകും. റെക്കോർഡ് പങ്കാളിത്തവുമായി ചരിത്രത്തിലെ ഏറ്റവും വലിയ മാർട്ടിനാണ് ഇത്തവണ കൊച്ചി സാക്ഷ്യം വഹിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മാർട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഔപചാരിക ഉദ്ഘാടനത്തിനുശേഷം സെപ്റ്റംബർ 25 മുതൽ 27 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് (B2B) കൂടിക്കാഴ്ചകളും പ്രദർശനവും നടക്കുന്നത്. ടൂറിസം-സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു മുഖ്യാതിഥിയാകും. എം.എൽ.എ-മാരായ ടോണി ചമ്മിണി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. മിനിമോൾ വി.കെ തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല മുഖ്യപ്രഭാഷണവും നടത്തും. ചടങ്ങിൽ കേരള ടൂറിസം സെക്രട്ടറി കെ. ബിജു കേരള ടൂറിസത്തെക്കുറിച്ചുള്ള അവതരണവും, മാർട്ടിന്റെ ഭാഗമായുള്ള ‘സെല്ലേഴ്സ് ഡയറക്ടറി’യുടെ പ്രകാശനം കേരള ടൂറിസം ഡയറക്ടർ എം. അഞ്ജനയും നിർവഹിക്കും. സിയാൽ എം.ഡി എസ്. സുഹാസ്, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക, കെ.ടി.ഡി.സി എം.ഡിയും കേരള ടൂറിസം അഡീഷണൽ ഡയറക്ടറുമായ സുമിത് കുമാർ താക്കൂർ എന്നിവർ സംബന്ധിക്കും. കെ.ടി.എം മുൻ പ്രസിഡന്റുമാരായ ബേബി മാത്യു , ജോസ് ഡൊമിനിക്, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, എബ്രഹാം ജോർജ് എന്നിവരും സന്നിഹിതരായിരിക്കും. കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് സ്വാഗതവും സെക്രട്ടറി എസ്. സ്വാമിനാഥൻ നന്ദിയും രേഖപ്പെടുത്തും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് വിനോദസഞ്ചാര വകുപ്പും കെ.ടി.എമ്മും ചേർന്നൊരുക്കുന്ന സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ബയർ രജിസ്ട്രേഷൻ 3000 കടന്നെങ്കിലും പ്രായോഗിക തീരുമാനമെന്ന നിലയിൽ 1200 ഹോസ്റ്റഡ് ബയർമാരും 300 നോൺ-ഹോസ്റ്റഡ് ബയർമാരുമായി നിജപ്പെടുത്തിയിട്ടുണ്ട്. ടൂറിസം സംരംഭകരുടെ 383 സെല്ലർ സ്റ്റാളുകളും കേരളം, തമിഴ്നാട് , ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കേരള ടൂറിസത്തിലേക്ക് വൻതോതിലുള്ള നിക്ഷേപവും സഞ്ചാരികളെയും ലക്ഷ്യമിട്ട് ഇതിനകം 45,000-ലധികം ബിസിനസ് കൂടിക്കാഴ്ചകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 71 അന്താരാഷ്ട്ര മാധ്യമപ്രവർത്തകരും 67 ദേശീയ മാധ്യമപ്രവർത്തകരുമടക്കം 138 പ്രമുഖ മാധ്യമ പ്രതിനിധികൾ മാർട്ട് റിപ്പോർട്ട് ചെയ്യാനെത്തുന്നുണ്ട്. രജിസ്ട്രേഷൻ, വാണിജ്യ കൂടിക്കാഴ്ചകൾ, സെമിനാറുകൾ തുടങ്ങി എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തുകൊണ്ട് പുതിയ സോഫ്റ്റ്വെയറിലൂടെയും മൊബൈൽ ആപ്പിലൂടെയുമാണ് ഇത്തവണത്തെ കെ.ടി.എം പ്രവർത്തിക്കുന്നത്. മാർട്ടിന് ശേഷം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംസ്ഥാനത്തെ 12 പ്രധാന മേഖലകളിലേക്ക് പോസ്റ്റ്-മാർട്ട് ടൂറുകളും ഒരുക്കിയിട്ടുണ്ട്.
