റെയിൽവേ വികസനത്തിന് 2026-27 വർഷത്തിൽ 3,795 കോടി രൂപ
തിരുവനന്തപുരം: മംഗളൂരു റെയിൽവേ മേഖലയുടെ നിയന്ത്രണം ദക്ഷിണ പശ്ചിമ റെയിൽവേയുടെ (South Western Railway) മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റിയത് ട്രെയിൻ ഗതാഗതം കാര്യക്ഷമമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ എംപിമാരുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രെയിനുകളുടെ ഗതാഗത തടസ്സവും സമയം വൈകലും ഇതിലൂടെ ഒഴിവാക്കും. നിലവിൽ സതേൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, കൊങ്കൺ റെയിൽവേ എന്നീ മൂന്ന് മേഖലകളിലായി ചിതറിക്കിടന്ന ഭരണസംവിധാനം ഒരൊറ്റ മേഖലയ്ക്ക് കീഴിലാക്കുന്നതോടെ കൂടുതൽ കാര്യക്ഷമമായ ട്രെയിൻ ഗതാഗതം ഉറപ്പാക്കാൻ സാധിക്കും. അതേസമയം കേരളത്തിന്റെ റെയിൽവേ വികസനത്തിന് വൻ കുതിച്ചുച്ചാട്ടം നൽകുന്ന പദ്ധതികളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റ് നടപ്പാക്കി വരുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. മുൻ ഗവൺമെൻ്റിൻ്റെ കാലത്ത് കേവലം 372 കോടി രൂപ മാത്രമായിരുന്ന റെയിൽവേ ബജറ്റ് വിഹിതം, 2026-27 സാമ്പത്തിക വർഷത്തിൽ 3,795 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. നിലവിൽ 20,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നു വരുന്നത്. ഇതിൽ 9 പുതിയ ലൈൻ/പാത ഇരട്ടിപ്പിക്കൽ പദ്ധതികളും 145 മേൽപ്പാലങ്ങൾ/അടിപ്പാതകളും ഉൾപ്പെടുന്നു. സംസ്ഥാനത്ത് 100% റെയിൽവേ വൈദ്യുതീകരണം പൂർത്തിയായി. 2014-ന് ശേഷം 493 കിലോമീറ്റർ റെയിൽ പാതകളാണ് വൈദ്യുതീകരിച്ചത്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 35 സ്റ്റേഷനുകൾ 3,111 കോടി രൂപ ചെലവിൽ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നു. ഇതിൽ 16 സ്റ്റേഷനുകളിലെ പ്രവൃത്തികൾ പൂർത്തിയായി എട്ട് സ്റ്റേഷനുകളുടെ ഉദ്ഘാടനവും നടന്നു. കേരളത്തിൽ 6 വന്ദേ ഭാരത് സർവീസുകളും 6 അമൃത് ഭാരത് സർവീസുകളും നിലവിലുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 22 പുതിയ ട്രെയിൻ സർവീസുകളാണ് ആരംഭിച്ചത്. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിൽ 180-ലധികം ട്രെയിൻ സ്റ്റോപ്പുകൾ അനുവദിച്ചതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. 800 കിലോമീറ്ററിലധികം വരുന്ന മൂന്നും നാലും പാതകൾ നിർമ്മിക്കുന്നതിനായുള്ള ഡി.പി.ആർ (DPR) സർവേ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാനത്ത് റെയിൽവേ പദ്ധതികൾക്ക് ആകെ 618 ഹെക്ടർ ഭൂമിയാണ് ആവശ്യമുള്ളത്. എന്നാൽ ഇതിൽ 78 ഹെക്ടർ (13%) ഭൂമി മാത്രമാണ് ഇതുവരെ കൈമാറിയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനായി റെയിൽവേ 1,976 കോടി രൂപ സംസ്ഥാന ഗവൺമെൻ്റിന് കൈമാറിയിട്ടുള്ളതായും റെയിൽവേ മന്ത്രി വ്യക്തമാക്കി. അങ്കമാലി-ശബരി പാത (111 കി.മീ), എറണാകുളം-കുമ്പളം, കുമ്പളം-തുറവൂർ പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ പ്രധാന പദ്ധതികളും 52 മേൽപ്പാലങ്ങളുടെ/അടിപ്പാതകളുടെ നിർമ്മാണവും സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം നീണ്ടുപോകുകയാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
