November 25, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മനുഷ്യായുസ്സ് 150 വര്‍ഷം വരെ മാത്രമേ നീട്ടാന്‍ സാധിക്കുകയുള്ളുവെന്ന് പഠനം

1 min read

മുപ്പതുകള്‍ക്കും നാല്‍പ്പതുകള്‍ക്കുമിടയില്‍ അതിജീവന ശേഷിയില്‍ വലിയ കുറവുണ്ടാകുകയും സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള ശരീരത്തിന്റെ ശേഷി പതുക്കെ ഇല്ലാതാകുകയും ചെയ്യും

അമരത്വം അല്ലെങ്കില്‍ മരണമില്ലാതെ അനന്തമായ ജീവിതം മനുഷ്യന്റെ കാലാകാലമായുള്ള മോഹമാണ്. എണ്‍പത് വയസില്‍ ജനിച്ച് ക്രമേണ പതിനെട്ട് വയസിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവിതം അതിരില്ലാത്തത്ര ആനന്ദകരമായേനെ എന്ന് പറഞ്ഞത് മാര്‍ക് ട്വെയിനാണ്. ഇപ്പോള്‍ ഒരു മനുഷ്യന് പരമാവധി എത്രകാലം വരെ ജീവിക്കാമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് സിംഗപ്പൂരില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍. സിംഗപ്പൂര്‍ ആസ്ഥാനമായ ബയോടെക് കമ്പനിയായ ജിറോയിലെ ഗവേഷകരാണ് മനുഷ്യന്റെ പരമാവധി ആയുസ്സ് സംബന്ധിച്ച് പഠനം നടത്തിയത്.

മരണമെന്നത് അനിവാര്യമായ ഒരു ജൈവിക സവിശേഷതയാണെന്നും മറ്റ് സമ്മര്‍ദ്ദ ഘടകങ്ങള്‍ക്ക്് അതില്‍ ഒരു പരിധിയില്‍ കവിഞ്ഞ് സ്വാധീനമുണ്ടാക്കാന്‍ കഴിയില്ലെന്നും ഇവരുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പരമാവധി 120നും 150നും ഇടയിലുള്ള മനുഷ്യായുസ്സിന് സാധ്യത കല്‍പ്പിക്കുന്ന ‘പ്രായമാകല്‍ പ്രക്രിയ’യാണ് പഠനം മുന്നോട്ട് വെക്കുന്നത്. രക്തകോശങ്ങളുടെ എണ്ണത്തിലുള്ള മാറ്റങ്ങളും ഒരുദിവസം ആളുകള്‍ നടത്തുന്ന ചുവടുവെപ്പുകളും വിലയിരുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. യുഎസ്, യുകെ, റഷ്യ എന്നീ മേഖലകളില്‍ നിന്നുള്ളവരുടെ ആരോഗ്യ വിവരങ്ങളും അവര്‍ പഠനത്തില്‍ ഉള്‍പ്പെടുത്തി. മനുഷ്യരിലെ പ്രായമാകലിന് സാര്‍വ്വലൗകികമായ സവിശേഷതകള്‍ ഉണ്ടെന്നും കാലക്രമേണ ശിഥലീകരണം സംഭവിക്കുന്ന സങ്കീര്‍ണ്ണമായ എല്ലാ സംവിധാനങ്ങള്‍ക്കും അവ പൊതുവായുള്ളതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

പ്രായമാകുന്നതിനനുസരിച്ച്,  രോഗങ്ങള്‍ക്കപ്പുറം രക്താണുക്കളുടെ അളവ് പഴയപടി ആക്കാനുള്ള ശരീരത്തിന്റെ ശേഷിയില്‍ കാര്യമായ കുറവുണ്ടാകുമെന്നത് സുനിശ്ചിതമാണെന്ന് തിമോത്തി വി പിര്‍കോവിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ വ്യക്തമാക്കി. പഴയ അവസ്ഥയിലേക്ക് മടങ്ങാനുള്ള ശരീരത്തിന്റെ ശേഷി പൂര്‍ണമായും ഇല്ലാതാകുമ്പോള്‍ രക്താണുക്കളുടെ എണ്ണം കുറയുന്നതിന്റെ ഗതി നിര്‍ണായകഘട്ടത്തിലെത്തുകയും അങ്ങനെ മരണം സംഭവിക്കുകയും ചെയ്യുന്നു. ഒരു വ്യക്തി ജനിച്ച് 120നും 150നും ഇടയിലുള്ള വര്‍ഷത്തിലാണ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശേഷി പൂര്‍ണമായും നഷ്ടപ്പെടുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി.

മിക്ക ജൈവശാസ്ത്രജ്ഞരും രക്തകോശങ്ങളുടയും ചുവടുവെപ്പുകളുടെയും എണ്ണത്തെ വ്യത്യസ്ത വീക്ഷണക്കോണിലൂടെയാണ് നോക്കിക്കാണുന്നതെങ്കിലും, പ്രായമാകലിന്റെ ഗതി സൂചിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് അവയെന്ന് പഠനത്തില്‍ പങ്കെടുത്ത മറ്റൊരു ഗവേഷകനായ പീറ്റര്‍ ഫെഡിഷെവ് സൈന്റിഫിക് അമേരിക്കന്‍ പരിപാടിയില്‍ സംസാരിച്ചുകൊണ്ട് വിശദീകരിച്ചു. മുപ്പത്തിയഞ്ചിനും നാല്‍പ്പത്തിയഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് മനുഷ്യന്റെ അതിജീവന ശേഷി അല്ലെങ്കില്‍ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുപോകാനുള്ള കഴിവ് നഷ്ടപ്പെട്ട് തുടങ്ങുന്നതെന്നും അതിന് ശേഷം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും അവയുമായി സമരസപ്പെട്ട് പോകാനുമുള്ള ശരീരത്തിന്റെ ശേഷി പതുക്കെ നഷ്ടമായിക്കൊണ്ടിരിക്കുമെന്നുമുള്ള നിരീക്ഷണവും ഗവേഷകര്‍ നടത്തിയിട്ടുണ്ട്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

പ്രായസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ചികിത്സകള്‍ക്ക് പോലും ആയുസ്സ് അല്‍പ്പമൊന്ന് നീട്ടാനേ സാധിക്കുകയുള്ളുവെന്നും പ്രായമാകല്‍ തടയുന്ന തെറാപ്പികള്‍ വികസിപ്പിക്കുന്നത് വരെ പരമാവധി ആയുസ്സ് നല്‍കുക അസാധ്യമാണെന്നും അമേരിക്ക ആസ്ഥാനമായ റോസ്‌വെല്‍ പാര്‍ക്ക് കോംപ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററില്‍ നിന്നുള്ള ഗവേഷകനായ ആന്‍ഡ്രി ഗുദ്‌കോവ് വിശദീകരിച്ചു. പ്രായമാകല്‍ പ്രക്രിയയെ മന്ദീഭവിപ്പിക്കുന്ന മരുന്നുകള്‍ കണ്ടെത്തുന്നതിനും ആയുസ്സ് ദീര്‍ഘിപ്പിക്കുന്നതിനും ഈ ഗവേഷണ റിപ്പോര്‍ട്ട് ഉപകാരപ്രദമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തിയെന്ന് കരുതപ്പെടുന്ന ഫ്രാന്‍സിലെ ജെന്നീ കാല്‍മെന്റ് മരിക്കുന്നത് തന്റെ 122ാമത്തെ വയസിലാണ്.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും
Maintained By : Studio3