ഹോണ്ടയുടെ ഐശ്വര്യം, ജൈത്രയാത്ര തുടര്‍ന്ന് ഹോണ്ട സിറ്റി
- ഹോണ്ട സിറ്റിയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോയ മിഡ് സൈസ് സെഡാന്‍
- ആകെ വില്‍പ്പന നടത്തിയ ഹോണ്ട സിറ്റികളില്‍ 50 ശതമാനത്തോളം സെഡ്എക്‌സ് എന്ന ടോപ് വേരിയന്റാണ്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ മിഡ് സൈസ് സെഡാന്‍ സെഗ്മെന്റില്‍ ഹോണ്ട സിറ്റിയുടെ ജൈത്രയാത്ര തുടരുന്നു. 2020 കലണ്ടര്‍ വര്‍ഷത്തില്‍ 21,826 യൂണിറ്റ് ഹോണ്ട സിറ്റിയാണ് രാജ്യത്ത് വിറ്റത്. ഇതോടെ കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് മിഡ് സൈസ് സെഡാനായി ഹോണ്ട സിറ്റി മാറി. 2020 ഡിസംബറില്‍ സെഗ്മെന്റിലെ ഹോണ്ട സിറ്റിയുടെ വിപണി വിഹിതം 41 ശതമാനമാണ്.
2020 ജൂലൈയിലാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് 2020 ജൂലൈ ഡിസംബര്‍ കാലയളവില്‍ രാജ്യത്തെ മിഡ് സൈസ് സെഡാന്‍ സെഗ്മെന്റ് 10 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ കാലയളവില്‍ സെഗ്മെന്റിലെ ആകെ വില്‍പ്പന 45,277 യൂണിറ്റ് ആയിരുന്നു. 2019 ഇതേ കാലയളവില്‍ 41,122 കാറുകളാണ് വിറ്റിരുന്നത്. 2020 ജൂലൈ ഡിസംബര്‍ കാലയളവില്‍ 17,347 യൂണിറ്റ് ഹോണ്ട സിറ്റി രാജ്യത്ത് വിറ്റുപോയി.
ആകെ വില്‍പ്പന നടത്തിയ ഹോണ്ട സിറ്റികളില്‍ 50 ശതമാനത്തോളം സെഡ്എക്‌സ് എന്ന ടോപ് വേരിയന്റാണെന്ന് ഹോണ്ട അറിയിച്ചു. 2020 ജൂലൈ ഡിസംബര്‍ കാലയളവില്‍ ആകെ വിറ്റ ഹോണ്ട സിറ്റികളില്‍ 48 ശതമാനം സിവിടി വേരിയന്റുകളാണ്.
1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ഡീസല്‍ എന്‍ജിനുമാണ് പുതിയ ഹോണ്ട സിറ്റിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 119 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ മോട്ടോര്‍ 98 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് സിവിടി എന്നിവയാണ് പെട്രോള്‍ എന്‍ജിന്റെ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍ മാത്രമാണ് ഡീസല്‍ മോട്ടോറിന്റെ ഓപ്ഷന്‍.