വാഹന ഭീമന്‍ സ്റ്റെല്ലന്റീസ് പിറന്നു
1 min read- നിലവിലെ പിഎസ്എ സിഇഒ കാര്‍ലോസ് ടവാരെസ് പുതിയ കമ്പനിയെ നയിക്കും
ഫിയറ്റ് ക്രൈസ് ലര്‍ ഓട്ടോമൊബീല്‍സും പിഎസ്എ ഗ്രൂപ്പും ലയിച്ചു. സ്റ്റെല്ലന്റീസ് എന്നാണ് പുതിയ കമ്പനിയുടെ പേര്. ഇതോടെ ലോകത്തെ നാലാമത്തെ വലിയ വാഹന നിര്‍മാതാക്കളായി സ്റ്റെല്ലന്റീസ് മാറും. ഒരു വര്‍ഷത്തോളമെടുത്താണ് 52 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാറില്‍ ഇറ്റാലിയന്‍, അമേരിക്കന്‍, ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ ഒപ്പുവെച്ചത്. ലയിച്ചു ഒന്നായിത്തീരാനുള്ള പ്രഖ്യാപനം 2019 ഒക്‌റ്റോബറിലാണ് ആദ്യം നടത്തിയത്. പ്രതിവര്‍ഷം ഏകദേശം 8.1 മില്യണ്‍ വാഹനങ്ങള്‍ വില്‍ക്കുന്ന വാഹന നിര്‍മാതാക്കളുടെ ഗ്രൂപ്പായി മാറുകയാണ് ലക്ഷ്യം.
പ്യൂഷോയും ഫിയറ്റ് ക്രൈസ് ലര്‍ ഓട്ടോമൊബീല്‍സും തമ്മില്‍ ലയിച്ച് സ്റ്റെല്ലന്റീസ് രൂപീകരിക്കപ്പെട്ടതായി രണ്ട് വാഹന നിര്‍മാതാക്കളും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവിലെ പിഎസ്എ സിഇഒ കാര്‍ലോസ് ടവാരെസ് പുതിയ കമ്പനിയെ നയിക്കും.
നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായാണ് പുതിയ കമ്പനി രൂപീകരിച്ചത്. ക്രൈസ് ലര്‍, ഫിയറ്റ്, ജീപ്പ്, പ്യൂഷോ, റാം, വോക്‌സ്ഹാള്‍, ഡിഎസ്, ആല്‍ഫ റോമിയോ, സിട്രോയെന്‍, ഡോഡ്ജ്, ലാന്‍സിയ, മാസെറാറ്റി, ഓപല്‍ തുടങ്ങി 14 ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ഗ്രൂപ്പ്. ഓരോ ബ്രാന്‍ഡുകളുടെയും പേരിലും ലോഗോയിലും മാറ്റമുണ്ടാകില്ല.
സ്റ്റെല്ലന്റീസ് സിഇഒ എന്ന നിലയില്‍ ജനുവരി 19 ന് ചൊവ്വാഴ്ച്ച കാര്‍ലോസ് ടവാരെസ് തന്റെ ആദ്യ വാര്‍ത്താസമ്മേളനം നടത്തും. പ്ലാന്റുകള്‍ അടച്ചുപൂട്ടാതെ പ്രതിവര്‍ഷം അഞ്ച് ബില്യണ്‍ യൂറോയുടെ ചെലവ് ചുരുക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.