പൊതുമേഖലാ കമ്പനികളില്‍ നിന്ന് 30,369 കോടി ഡിവിഡന്‍റ് സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍
1 min readബിഎംഇഎല്‍ ഓഹരി വില്‍പ്പന രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നു
ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് (സിപിഎസ്ഇ) 30,369 കോടി രൂപ ലാഭവിഹിതമായി സര്‍ക്കാര്‍ സ്വരൂപിച്ചതായി കേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍, ഈ സാമ്പത്തിക വര്‍ഷം 65,746.96 കോടിയുടെ ഡിവിഡന്‍റ് സിപിഎസ്ഇകളില്‍ നിന്നായി ലഭിക്കും എന്നാണ് കണക്ക് കൂട്ടിയിരുന്നത്.
‘നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (22.3.2021 വരെ) 30,369 കോടി രൂപയാണ് സിപിഎസ്ഇയില്‍ നിന്നുള്ള ഗവണ്‍മെന്‍റിന്‍റെ ലാഭവിഹിതം, “ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്‍റ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ട്വീറ്റില്‍ പറഞ്ഞു. ബിഎംഎല്ലിനായി ഒന്നിലധികം അപേക്ഷകള്‍ ലഭിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. ‘ബിഎംഇഎലിന്‍റെ സ്വകാര്യവല്‍ക്കരണത്തിനായി ഒന്നിലധികം താല്‍പ്പര്യ പത്രങ്ങള്‍ ലഭിച്ചു. ഇടപാട് ഇപ്പോള്‍ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ്,” അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
കഴിഞ്ഞ മാസം ബിഎംഇഎലില്‍ 26 ശതമാനം ഓഹരി വാങ്ങുന്നതിനുള്ള പ്രാഥമിക ബിഡ്ഡുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 22 വരെ സര്‍ക്കാര്‍ നീട്ടിയിരുന്നു. മാനേജ്മെന്‍റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം ബിഎംഎല്ലിലെ 26 ശതമാനം ഓഹരികളും വില്‍ക്കുന്നതിന് ജനുവരിയിലാണ് സര്‍ക്കാര്‍ എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ് (ഇഒഐ) ക്ഷണിച്ചത്.
പ്രതിരോധം, റെയില്‍, വൈദ്യുതി, ഖനനം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയില്‍ 54.03 ശതമാനം ഓഹരി സര്‍ക്കാരിനുണ്ട്. നിലവിലെ വിപണി വിലയില്‍ 26 ശതമാനം ഓഹരി കൈമാറുന്നതിലൂടെ സര്‍ക്കാരിന് 1,000 കോടിയിലധികം രൂപ സ്വന്തമാക്കാനാകും.