ചിപ് പ്രതിസന്ധി പാരമ്യത്തിലേക്ക്; 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഇന്‍റല്‍
- ആഗോളതലത്തില്‍ ചിപ് ക്ഷാമം രൂക്ഷമായിരിക്കുകയാണ്
- ഓട്ടോ മുതല്‍ ഇലക്ട്രോണിക്സ് വരെയുള്ള മേഖലകള്‍ ഉല്‍പ്പാദന പ്രതിസന്ധിയില്‍
- കേരളത്തിലുള്‍പ്പടെ കാറുകളുടെ ലഭ്യതയെ ബാധിച്ചു തുടങ്ങി
മുംബൈ: ആഗോളതലത്തില്‍ സെമികണ്ടക്റ്റര്‍ ചിപ്പുകളുടെ ക്ഷാമം അതിരൂക്ഷമായതോടെ സ്മാര്‍ട്ട്ഫോണ്‍ മുതല്‍ ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രി വരെയുള്ള മേഖലകള്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ആരോഗ്യ മേഖല മുതല്‍ ഇലക്ട്രോണിക്സ് രംഗം വരെയുള്ള വ്യവസായങ്ങളെ ബാധിച്ച ആഗോള സെമി കണ്ടക്റ്റര്‍ ക്ഷാമം നേരിടുന്നതിനായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വരെ ഇടപെടല്‍ നടത്തിയിരുന്നു. ഇതിനായി അദ്ദേഹം എക്സിക്യൂട്ടിവ് ഉത്തരവില്‍ ഒപ്പിടുകയും ചെയ്തു.
ഇത്തരത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്താണ് ചിപ് നിര്‍മാണ പ്ലാന്‍റുകള്‍ക്കായി 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ടെക് ഭീമനായ ഇന്‍റല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസിലെ അരിസോണയില്‍ രണ്ട് വലിയ ചിപ് നിര്‍മാണ ഫാക്റ്ററികള്‍ക്കായി നിക്ഷേപം നടത്തുമെന്നാണ് ഇന്‍റല്‍ വ്യക്തമാക്കിയത്. പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഇന്‍റലിന്‍റെ ഓഹരിവിലയിലും വര്‍ധനവുണ്ടായി.
കമ്പനിയുടെ പുതിയ സിഇഒ പാറ്റ് ഗെല്‍സിംഗറിന്‍റെ ആദ്യ പൊതുപ്രസ്താവനയോട് അനുബന്ധിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപനമെന്നതും ശ്രദ്ധേയമായി.
ഓരോ ഇലക്ട്രോണിക് ഡിവൈസിന്‍റെയും ബ്രെയിന്‍ എന്ന് പറയാവുന്ന ചിപ്പുകള്‍ ലഭ്യമായില്ലെങ്കില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് വ്യവസായങ്ങള്‍ എത്തിപ്പെടുക. ഉപഭോക്തൃവിലയില്‍ ഇതിനോടകം തന്നെ വമ്പന്‍ വര്‍ധന വന്നു കഴിഞ്ഞു. സാംസംഗ് മുതല്‍ ഫോര്‍ഡ് വരെയുള്ള കമ്പനികളുടെ ഉല്‍പ്പാദനം മന്ദഗതിയിലായി.
ടിവി, മൊബീല്‍ ഫോണ്‍, കാറുകള്‍, ഗെയിം കണ്‍സോളുകള്‍ തുടങ്ങിയവയുടെ എല്ലാം വിലയില്‍ വലിയ വര്‍ധനയുണ്ടാകും. മാത്രമല്ല ഇത് ലഭ്യമാകുന്നതിലും കാര്യമായ കാലതാമസമെടുക്കും. കഴിഞ്ഞ വര്‍ഷം അവസാനം മുതലാണ് ലോകത്ത് ചിപ്പ് പ്രതിസധി രൂപപ്പെട്ടുതുടങ്ങിയത്. തുടക്കത്തില്‍ വിതരണത്തിലെ കാലതാമസമായിരുന്നു അനുഭവപ്പെട്ടത്, ലോക്ക്ഡൗണില്‍ ഫാക്റ്ററികള്‍ പൂട്ടിയതായിരുന്നു കാരണം.
എന്നാല്‍ കോവിഡ് ജനങ്ങളുടെ ജീവിതശൈലികള്‍ മാറ്റിയതോടെ ഇലക്ട്രോണിക് ഡിവൈസുകള്‍ക്ക് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ആവശ്യകതയാണ് വന്നത്. ഇത് പ്രതിസന്ധി രൂക്ഷമാക്കി. ചിപ് പ്രതിസന്ധി കാരണം ആപ്പിളിന് പോലും തങ്ങളുടെ ഐഫോണ്‍ 12ന്‍റെ അവതരണം രണ്ട് മാസത്തേക്ക് നീട്ടിവയ്ക്കേണ്ടി വന്നു.
ചിപ് പ്രതിസന്ധി കാരണം ലാഭത്തില്‍ 2.5 ബില്യണ്‍ ഡോളറിന്‍റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഫോര്‍ഡ് വ്യക്തമാക്കിയിരുന്നു. രണ്ട് ബില്യണ്‍ ഡോളറോളം തങ്ങളുടെ ലാഭത്തെ ചിപ്പ് പ്രതിസന്ധി ബാധിക്കുമെന്ന് ജനറല്‍ മോട്ടോഴ്സും സൂചിപ്പിച്ചിരുന്നു.
ചിപ് ക്ഷാമം കാണം കേരളത്തില്‍ പോലും കാറുകളുടെ ഡെലിവറിക്ക് കാലതമാസമെടുക്കുന്നുണ്ട്. മിക്ക മോഡലുകള്‍ക്ക് രണ് മാസമെങ്കിലും കാത്തിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.