ഗൂഗിള്‍ ഷോപ്പിംഗ് ആപ്പ് നിര്‍ത്തുന്നു
ജൂണ്‍ മാസത്തോടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഗൂഗിള്‍ ഷോപ്പിംഗ് ആപ്പ് ലഭിക്കില്ല
സാന്‍ ഫ്രാന്‍സിസ്‌കോ: ഈ വര്‍ഷം ജൂണ്‍ മാസത്തോടെ മൊബീല്‍ ഷോപ്പിംഗ് ആപ്പ് നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഇതോടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഗൂഗിള്‍ ഷോപ്പിംഗ് ആപ്പ് ലഭിക്കില്ല. അതേസമയം ഡെസ്‌ക്‌ടോപ്പില്‍ (വെബ്) ഷോപ്പിംഗ് സൗകര്യം ഉണ്ടായിരിക്കും. അതായത്, ഷോപ്പിംഗ്.ഗൂഗിള്‍.കോം എന്ന വെബ്‌സൈറ്റ് തുടര്‍ന്നും ആക്റ്റീവ് ആയിരിക്കും. കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചു.
അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഷോപ്പിംഗ് ആപ്പിനെ പിന്തുണയ്ക്കില്ലെന്ന് പത്രക്കുറിപ്പിലൂടെ ഗൂഗിള്‍ വ്യക്തമാക്കി. ആപ്പ് നല്‍കിയിരുന്ന എല്ലാ സൗകര്യങ്ങളും ഷോപ്പിംഗ് ടാബില്‍ ലഭ്യമായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഷോപ്പിംഗ് ടാബ്, ഗൂഗിള്‍ ആപ്പ് ഉള്‍പ്പെടെ മറ്റ് ഗൂഗിള്‍ ഇടങ്ങളിലേക്കായി പുതിയ ഫീച്ചറുകള്‍ നിര്‍മിക്കുന്നത് തുടരുമെന്ന് അറിയിച്ചു. ഇതോടെ ആളുകള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും എളുപ്പമായിരിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
ആയിരക്കണക്കിന് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനും ഓരോരുത്തര്‍ക്കും അവരുടെ ഗൂഗിള്‍ എക്കൗണ്ട് ഉപയോഗിച്ച് വാങ്ങാനും കഴിയുന്നതായിരുന്നു ഷോപ്പിംഗ് ആപ്പ്. ആമസോണ്‍ പോലുള്ള കമ്പനികള്‍ക്ക് ബദല്‍ എന്ന നിലയിലാണ് ഗൂഗിള്‍ ഷോപ്പിംഗ് ആപ്പ് നേരത്തെ അവതരിപ്പിച്ചത്. വിവിധ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളാണ് ആപ്പില്‍ കാണിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടുമെന്ന് വിശ്വസിച്ച് നിര്‍ദേശിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഹോം ഫീഡില്‍ നല്‍കിയിരുന്നത്. സെര്‍ച്ച്, ഇമേജ് സെര്‍ച്ച്, യൂട്യൂബ് എന്നിവിടങ്ങളില്‍ ഷോപ്പിംഗ് സൗകര്യം വിപുലീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഷോപ്പിംഗ് ആപ്പ് നിര്‍ത്താനുള്ള ഗൂഗിള്‍ തീരുമാനം.