അറ്റ വില്‍പ്പനയിലേക്ക് തിരിഞ്ഞ് എഫ്പിഐകള്‍
1 min readഇന്ത്യന്‍ കറന്‍സിയായ രൂപയുടെ ദുര്‍ബലാവസ്ഥയും രാജ്യത്തു നിന്നുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കിന് കാരണമായി
മുംബൈ: കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ തിരിച്ചുവരവ് ആഗോള, ഇന്ത്യന്‍ വിപണികളില്‍ ആശങ്ക വിതയ്ക്കുകയാണ്. ഏപ്രിലില്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപകര്‍ (എഫ്പിഐ) 740 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് നടത്തിയത്. കഴിഞ്ഞ മാസങ്ങളില്‍ വിദേശ നിക്ഷേപകര്‍ക്കിടയില്‍ പ്രബലമായിരുന്ന ബുള്ളിഷ് വികാരങ്ങളില്‍ നിന്നുള്ള മാറ്റമാണിത്.
2020ല്‍ ഇതുവരെ ഇക്വിറ്റി മാര്‍ക്കറ്റിലേക്കുള്ള മൊത്തം എഫ്പിഐ നിക്ഷേപം 55,002 കോടി രൂപയാണ്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ യഥാക്രനം 19,473 കോടി രൂപ, 25,787 കോടി രൂപ, 10,482 കോടി രൂപ എന്നിങ്ങനെ ആയിരുന്നു എഫ്പിഐ അറ്റ നിക്ഷേപം. കോവിഡ് -19 കേസുകളുടെ വര്‍ധനയും പ്രാദേശികമായ ലോക്ക്ഡൗണുകളെ കുറിച്ചുള്ള ആശങ്കയുമാണ് ഏപ്രിലില്‍ എഫ്പിഐകളെ വിറ്റഴിക്കലിന് പ്രേരിപ്പിക്കുന്നത്.
കോവിഡിന്‍റെ ആദ്യ തരംഗം സൃഷ്ടിച്ച പ്രത്യാഘാതത്തിനു ശേഷം വീണ്ടെടുപ്പിലേക്ക് തിരിച്ചെത്തിയ സാമ്പത്തിക, ബിസിനസ് പ്രവര്‍ത്തനങ്ങളെ വീണ്ടും പിടിച്ചുനിര്‍ത്തുന്ന സാഹചര്യമാണിതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ ദുര്‍ബലാവസ്ഥയും രാജ്യത്തു നിന്നുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കിന് കാരണമായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യന്‍ രൂപ വ്യാപാരം അവസാനിക്കുമ്പോള്‍ ഒരു ഡോളറിന് 74.74 എന്ന നിലയിലായിരുന്നു.
2020 സെപ്റ്റംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെ തുടര്‍ച്ചയായ 6 മാസങ്ങളില്‍ അറ്റ വാങ്ങലുകാരായിരുന്ന ശേഷമാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റ വില്‍പ്പനയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ഇന്ത്യയില്‍ കോവിഡിന്‍റെ രണ്ടാം തരംഗം ആഗോള പ്രവണതയ്ക്ക് വിപരീതമായ ദിശയിലാണ് നീങ്ങുന്നതെന്നാണ് ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. വന്‍തോതിലുള്ള വാക്സിനേഷനും നിയന്ത്രണങ്ങളും കേസുകള്‍ നിയന്ത്രിക്കുന്നതിന് മറ്റു രാഷ്ട്രങ്ങളെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പ്രതിദിനം കേസുകള്‍ വര്‍ധിക്കുകയാണ്. എങ്കിലും മരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചു. ഇന്ത്യയുടെ സവിശേഷതകള്‍ കൂടി പരിഗണിച്ച് വാക്സിനേഷന്‍ വിപുലാമാക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. നിലവിലെ സാഹചര്യം എഫ്പിഐ വരവിനെ മാത്രമല്ല ആഭ്യന്തര ക്രെഡിറ്റ് വിപണിയെയും ബാധിക്കുമെന്ന് ഇന്‍ഡ്-റാ വിലയിരുത്തുന്നു.