ബജറ്റിനു ശേഷം ഇന്ത്യന്‍ ഇക്വിറ്റികളിലെ എഫ്പിഐ നിക്ഷേപം 20,593 കോടി രൂപ
മുംബൈ: കോവിഡ് 19 കാലയളവില്‍ റെക്കോഡ് ഉയരത്തിലെത്തിയ വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപങ്ങളുടെ (എഫ്പിഐ) ഒഴുക്ക് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ തുടരുകയാണ്. എന്‍എസ്ഡിഎലിന്‍റെ കണക്കുകള്‍ പ്രകാരം ഫെബ്രുവരി മാസത്തില്‍ ഇക്വിറ്റികളിലേക്കുള്ള മൊത്തം എഫ്പിഐ നിക്ഷേപം 20,593 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ എഫ്പിഐകള്‍ 39,000 കോടി രൂപ നിക്ഷേപിച്ചു.
സ്വകാര്യ ബാങ്കുകള്‍, ഉപഭോക്തൃ, എഫ്എംസിജി, ഐടി തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപത്തിന്‍റെ പ്രവാഹം പ്രകടമായെന്ന് എല്‍കെപി സെക്യൂരിറ്റീസ് റിസര്‍ച്ച് ഹെഡ് എസ്. രംഗനാഥന്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയതിന് പിന്നാലെ മൂന്നാം പാദത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രകടമാക്കിയ പ്രവര്‍ത്തനവും സ്ഥിരതയും ഇതില്‍ പങ്കുവഹിച്ചു.
‘സ്വകാര്യവത്ക്കരണത്തിലൂടെയുള്ള വളര്‍ച്ചയ്ക്ക് ബജറ്റ് അനുകൂലമായതിനാല്‍ ഇതുവരെയുള്ള അനുസൃതമായി നാലാം പാദത്തിലും വിദേശ നിക്ഷേപ പ്രവാഹം പോസിറ്റീവ് ആയിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, “അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിനേഷന്‍ വിപുലീകരിക്കുന്നതും മൂലധനച്ചെലവിടലും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കവും നിക്ഷേപകര്‍ക്കിടയില്‍ നല്ല വികാരത്തിന് കാരണമായിട്ടുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകള്‍ക്ക് ഇന്‍വിറ്റുകള്‍ക്കും ആഇഐടികള്‍ക്കും വായ്പാ ധനസഹായം അനുവദിക്കുന്നത് അംഗീകരിക്കുന്നതിനായി ധനകാര്യ ബില്ലില്‍ സര്‍ക്കാര്‍ ഭേദഗതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് പശ്ചാത്തല സൗകര്യം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകള്‍ക്കുള്ള ഫണ്ട് വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.