2021 സുസുകി ഹയബൂസ വിറ്റുതീര്‍ന്നു
ആദ്യ ബാച്ചില്‍ 101 ബൈക്കുകളാണ് ഉണ്ടായിരുന്നത്. ഇതോടെ ബുക്കിംഗ് നിര്‍ത്തിവെച്ചു
ന്യൂഡെല്‍ഹി: 2021 മോഡല്‍ സുസുകി ഹയബൂസ മോട്ടോര്‍സൈക്കിളിന്റെ ആദ്യ ബാച്ച് ഇന്ത്യയില്‍ വിറ്റുതീര്‍ന്നു. വില്‍പ്പന ആരംഭിച്ച് ഒന്നുരണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും എല്ലാ യൂണിറ്റും വിറ്റുപോയി. ആദ്യ ബാച്ചില്‍ 101 ബൈക്കുകളാണ് ഉണ്ടായിരുന്നത്. ഇതോടെ ബുക്കിംഗ് നിര്‍ത്തിവെച്ചു. രണ്ടാം ബാച്ചിന്റെ ബുക്കിംഗ് സ്വീകരിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. 16.4 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില.
മുന്‍ഗാമി ഉപയോഗിച്ചിരുന്ന 1,340 സിസി, 4 സിലിണ്ടര്‍ എന്‍ജിന്‍ പരിഷ്‌കരിച്ചു. ഭാരം കുറഞ്ഞ പിസ്റ്റണുകള്‍, പുതിയ കണക്റ്റിംഗ് റോഡുകള്‍, പുതിയ ഫ്യൂവല്‍ ഇന്‍ജെക്റ്ററുകള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് വരുത്തിയത്. എന്‍ജിന്‍ പരിഷ്‌കരിച്ചതോടെ കരുത്തും ടോര്‍ക്കും കുറഞ്ഞു. ഇപ്പോള്‍ 190 എച്ച്പി കരുത്തും 150 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. നേരത്തെ 197 എച്ച്പി പുറപ്പെടുവിച്ചിരുന്നു. ടോര്‍ക്കും അല്‍പ്പം കുറഞ്ഞു. എന്‍ജിന്‍ പരിഷ്‌കരിച്ചപ്പോഴും ടോര്‍ക്ക് ഡെലിവറി മുമ്പത്തേക്കാള്‍ ശക്തമാണെന്ന് സുസുകി അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ, എക്കാലത്തെയും ഏറ്റവും വേഗമേറിയ ഹയബൂസയാണ് ഇപ്പോള്‍ വരുന്നത്.